Edava Basheer: ഒരു ഗായകനെ സംബന്ധിച്ച് ഇത് സ്വപ്നതുല്യമായ വിടവാങ്ങലാണ്, പക്ഷേ… ഇടവ ബഷീറിനെ അനുസ്മരിച്ച് ഗായകൻ കെ എസ് സുദീപ്കുമാർ

വേദിയിൽ പാടിക്കൊണ്ടിരിക്കെ ഇടവ ബഷീര്‍(edava basheer) കണ്‍മുന്നില്‍ മരിച്ച ഞെട്ടലിലാണ് ഗായകന്‍ സുദീപ്കുമാര്‍. ഒരു ഗായകനെ സംബന്ധിച്ച് ഇത് സ്വപ്നതുല്യമായ വിടവാങ്ങൽ തന്നെയാണെന്നും
പക്ഷേ, അതു നേരിട്ടു കണ്ട ആലപ്പുഴയിലെ സംഗീതപ്രേമികളുടെയും തൻ്റെയും അന്നു വേദിലുണ്ടായിരുന്ന മറ്റു കലാകാരൻമാരുടെയും ഹൃദയമിടിപ്പ് ഇനിയും സാധാരണ നിലയിലായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രശസ്തനായ ഗായകനെന്നതിനപ്പുറം സ്നേഹസമ്പന്നനായ സുഹൃത്തിനെ, ജ്യേഷ്ഠസഹോദരനെ നഷ്ടപ്പെട്ട ദുഃഖത്തിൻ്റെ തീക്ഷ്ണത കാലം ലഘൂകരിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

May be an image of 8 people, people standing and indoor

കെ എസ് സുദീപ്കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

“ബഷീറിക്ക”

ഇടവാ ബഷീർ എന്ന പേര് കുട്ടിക്കാലം മുതലേ കേട്ടു പരിചയമുണ്ടെങ്കിലും അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് 1999 ൽ കൊല്ലം കടപ്പാക്കടയിലുള്ള അദ്ദേഹത്തിൻ്റെ സ്റ്റുഡിയോയിൽ പാടാൻ ചെന്നപ്പോളാണ്. 2002 ൽ അതുല്യ നടൻ യശഃശരീരനായ ശ്രീ.രാജൻ പി ദേവിൻ്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടന്ന സംഗീതപരിപാടികളിൽ ഒന്നിച്ചുപാടിയാണ് ബഷീറിക്കയുമായുള്ള എൻ്റെ ആത്മബന്ധം തുടങ്ങുന്നത്.

ഒന്നര മാസം നീണ്ട പര്യടനത്തിൽ 16 വേദികളിൽ ഒന്നിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിൻ്റെ സംഗീതസംവിധാനത്തിൽ ഏതാനും പാട്ടുകൾ പാടാനും എനിക്ക് ഭാഗ്യമുണ്ടായി. പിന്നണിഗായകസംഘടന സമത്തിൻ്റെ തുടക്കം മുതൽ മീറ്റിംഗുകളിൽ സജീവസാന്നിധ്യവും പ്രവർത്തനങ്ങളിൽ സമ്പൂർണ പിന്തുണയുമായി ബഷീറിക്ക കൂടെ നിന്നു.

ആലപ്പുഴ ഭീമാസ് ബ്ലൂഡയമൺസ് ഓർക്കെസ്ട്രയിലെ ആദ്യകാല ഗായകരിലൊരാളായിരുന്നു ബഷീറിക്ക.മുപ്പതു വർഷങ്ങൾക്കു മുൻപ് 1992 മെയ് 7നാണ് ബ്ലൂഡയമൺസിൽ ഞാനൊരു പാട്ടുകാരായി ചേർന്നത്. കഴിഞ്ഞ ദിവസം (മെയ് 28) ആലപ്പുഴ കാംലോട്ട് കൺവെൻഷൻ സെൻ്ററിൽ ബ്ലൂഡയമൺസ് അൻപതാം വാർഷികം ആഘോഷിച്ച വേദിയിൽ വച്ചാണ് ഒരു വർഷത്തെ ഇടവേളക്കുശേഷം ഇടവാ ബഷീറിക്കയെ കണ്ടുമുട്ടിയത്. ഉദ്ഘാടനച്ചടങ്ങിൽ ഒന്നിച്ചൊരു തിരിതെളിയിച്ചതും നിയോഗം.

ബഷീറിക്കയുടെ പാട്ടു കേട്ടിട്ട് ഒരുപാടു വർഷങ്ങളായി എന്നതുകൊണ്ടുതന്നെ “മാനാ ഹോ തും ” പാടുന്നത് കേൾക്കാൻ – കാണാൻ വേദിയുടെ അരികിൽ കൗതുകത്തോടെ ഞാൻ നിന്നു. പിന്നീടു നടന്നതൊക്കെ ഒരുപക്ഷേ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ കണ്ടിട്ടുണ്ടാവും.🙏😥

ഒരു ഗായകനെ സംബന്ധിച്ച് ഇത് സ്വപ്നതുല്യമായ വിടവാങ്ങൽ തന്നെയാണ്. പക്ഷേ, അതു നേരിട്ടു കണ്ട ആലപ്പുഴയിലെ സംഗീതപ്രേമികളുടെയും എൻ്റെയും അന്നു വേദിലുണ്ടായിരുന്ന മറ്റു കലാകാരൻമാരുടെയും ഹൃദയമിടിപ്പ് ഇനിയും സാധാരണ നിലയിലായിട്ടില്ല.

മുൻപ്, പ്രശസ്ത ഗായകൻ മുകേഷ് വേദിയിൽ വച്ച് മരണത്തെ പുൽകി എന്നും കേട്ടിട്ടുണ്ട്. തന്നെ സ്നേഹിക്കുന്നവരുടെ മുൻപിൽ പാടിക്കൊണ്ട്…. അന്ത്യരംഗങ്ങൾക്ക് സംഗീതത്തിൻ്റെ അകമ്പടിയോടെ …. ചില സിനിമകളിലെ ക്ലൈമാക്സിനെക്കാൾ അവിശ്വസനീയമാം വിധം കൺമുന്നിൽ നിന്ന്‌ അമരത്വത്തിലേക്കുള്ള യാത്ര!

പരിപാടി സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രോവിഡൻസ് ആശുപത്രിയിലെത്തിച്ച ശേഷം അത്യാഹിത വിഭാഗത്തിൽ കിടക്കയിൽ ചലനമറ്റു കിടന്ന ബഷീറിക്കയെ കുറെ നേരം നോക്കി നിന്നു. അരമണിക്കൂർ മുൻപ് സ്വയം മറന്നു പാടിയ ആ ഹൃദയത്തിൻ്റെ ചലനം നിലച്ചു എന്നു വിശ്വസിക്കാനായില്ല; ശാന്തമായ – നിതാന്തമായ ഉറക്കം!

പ്രശസ്തനായ ഗായകനെന്നതിനപ്പുറം സ്നേഹസമ്പന്നനായ സുഹൃത്തിനെ, ജ്യേഷ്ഠസഹോദരനെ നഷ്ടപ്പെട്ട ദുഃഖത്തിൻ്റെ തീക്ഷ്ണത കാലം ലഘൂകരിക്കട്ടെ! പ്രിയപ്പെട്ടവരുടെ – സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ എന്നും ആ നക്ഷത്രം പൊൻപ്രഭ തൂകി ജ്വലിച്ചു നിൽക്കും – ധന്യമായ സ്മരണകൾക്കു മുൻപിൽ നമസ്ക്കരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News