ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയ്ക്ക് എതിരാളി വരുന്നു. രാജ്യത്തെ ഇരുചക്ര വാഹന രംഗത്തേക്ക് പ്രവേശിച്ചവരാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിൾ എനർജി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-നാണ് സിംപിൾ ‘വൺ’ എന്ന പേരിൽ ഒരു ഇലക്ട്രിക് സ്‌കൂട്ടർ കമ്പനി അവതരിപ്പിച്ചത്.
അവതരണത്തിനു മുമ്പ് തന്നെ സ്‌കൂട്ടറിനായുള്ള ബുക്കിങ് ആരംഭിച്ച സിംപിൾ എനർജിക്ക് തങ്ങളുടെ പ്രീമിയം മോഡലായ വൺ ഇവിക്ക് ഇതുവരെ 55,000 ബുക്കിങ്ങുകളോളം ലഭിച്ചതായി അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.
വിൽപ്പന ആരംഭിക്കാൻ തയ്യാറെടുക്കുന്ന തങ്ങളുടെ മുൻനിര ഇലക്ടിക് സ്‌കൂട്ടറായ വണ്ണിന്റെ ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ രാജ്യത്തെ 13 നഗരങ്ങളിലായി ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും പിന്നീട് ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, പനാജി തുടങ്ങിയ നഗരങ്ങളിലും ടെസ്റ്റ് റൈഡുകൾ നടത്തും. കൂടാതെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവരുടെ സ്ലോട്ടുകൾ റിസർവ് ചെയ്യാനും സാധിക്കും. സെപ്റ്റംബർ വരെ വിവിധ നഗരങ്ങളിൽ വരാനിരിക്കുന്ന ടെസ്റ്റ് ഡ്രൈവുകളുടെ ഷെഡ്യൂളും പുറത്തുവിട്ടിട്ടുണ്ട്. മോഡലിനായുള്ള ഡെലിവറികളും ഉടൻ ആരംഭിക്കും.
203 കിലോമീറ്റർ റിയൽ വേരിയന്റിന് 1,09,999 രൂപയും 300 കിലോമീറ്ററിലധികം വരുന്ന ലോങ് റേഞ്ച് വേരിയന്റിന് 1,44,999 രൂപയുമാണ് എക്സ്ഷോറൂം വിലയെന്നാണ് സൂചന. ലോങ് റേഞ്ച് വേരിയന്റിന് ഒരു അധിക ബാറ്ററി പായ്ക്ക് വഴിയാണ് കൂടുതൽ റേഞ്ച് കമ്പനി ഉറപ്പാക്കുന്നത്.
72 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നവീകരിച്ച 8.5 kW മോട്ടോറുമായി സ്‌കൂട്ടർ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഫാസ്റ്റ് ചാർജിങ് സംവിധാനവും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ പിന്തുണയ്ക്കുകയും ചെയ്യും. 2.85 സെക്കൻഡിനുള്ളിൽ സ്‌കൂട്ടറിന് 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 105 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.