Thrikkakkara :തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്ന് ഡോ. ജോ ജോസഫ്

തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്ന് തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് . തെരഞ്ഞെടുപ്പില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ചിട്ടയായ പ്രവര്‍ത്തനമാണ് നടന്നത്. തനിക്കെതിരെ പ്രചരിച്ചവ്യാജ വീഡിയോ മാനസിക ബുദ്ധിമുട്ടുണ്ടാക്കി.

രാഷ്ട്രീയം മലീമസമാക്കാമോ എന്ന് ചിന്തിക്കേണ്ടത് പ്രതിപക്ഷമാണ്. അതിന് തൃക്കാക്കര മറുപടി കൊടുക്കുകയും ചെയ്യുമെന്നും പൊതു പ്രവര്‍ത്തന രംഗത്തും ആതുരസേവന രംഗത്തും കൂടുതല്‍ ഊര്‍ജത്തോടെ തുടരുമെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. വികസനവും വിവാദവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിധിയെ‍ഴുത്ത് തങ്ങള്‍ക്കനുകൂലമാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളും വ്യക്തമാക്കി.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പടിപടിയായി ജനകീയാംഗികാരം നേടിയെടുക്കാന്‍ ക‍ഴിഞ്ഞുവെന്നതിന്‍റെ ആത്മവിശ്വാസമാണ് പോളിംഗ് പൂര്‍ത്തിയായതിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നടത്തിയ പ്രതികരണത്തില്‍ നി‍ഴലിച്ചത്.

ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അട്ടിമറി നടത്തുമെന്നും ജോ ജോസഫ് വ്യക്തമാക്കി. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്യാസത്തിലാണെന്ന് CPIM സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പറഞ്ഞു. കള്ളവോട്ട് ചെയ്തത് UDF ആണ്.

ഇതിനെതിരെ LDF തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കൊടിയേരി കണ്ണൂരില്‍ വെച്ച് പ്രതികരിച്ചു. അധമ രാഷ്ട്രീയത്തിനെതിരയുള്ള വിധിയെ‍ഴുത്താകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്നാണ് മന്ത്രി പി രാജീവിന്‍റെ പ്രതീക്ഷ.

വികസനത്തിനൊപ്പം അണിനിരക്കുന്ന ജനത ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം സ്വരാജ് കൈരളി ന്യൂസിനോട് വ്യക്തമാക്കി.

തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രം മാറ്റി എഴുതും; വിജയ പ്രതീക്ഷയില്‍ എം സ്വരാജ്

സാധാരണ രീതിയില്‍ ഇടതുപക്ഷം എളുപ്പത്തില്‍ ജയിക്കുന്ന ഒരു മണ്ഡലം അല്ല തൃക്കാക്കരയെന്ന് എം സ്വരാജ്. തൃക്കാക്കരയില്‍ ഇത്രയും നാള്‍ യുഡിഎഫ് ആയിരുന്നു മുന്‍ഗണന. എന്നാല്‍ ഇത്തവണ തൃക്കാക്കരയില്‍ ചരിത്രവും രാഷ്ട്രീയവും മാറുകയാണ്.

തൃക്കാക്കര ബൈ ഇലക്ഷന്‍ ഇത്തവണ ചരിത്രം മാറ്റി എഴുതും എന്ന കാര്യം എതിര്‍പക്ഷം തുടക്കം മുതല്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനുകാരണം കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള ഒരു തെരഞ്ഞെടുപ്പല്ല ഇത്തവണത്തെ തൃക്കാക്കരയില്‍ നടന്നത്.

തൃക്കാക്കരയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച മുദ്രാവാക്യം വികസന രാഷ്ട്രീയം ആയിരുന്നു. സമഗ്ര വികസനമാണ് ഇടതുപക്ഷം തൃക്കാക്കരയില്‍ ചര്‍ച്ചചെയ്തത്. തൃക്കാക്കരയിലെ ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും രാഷ്ട്രീയം പലതാണെങ്കിലും എല്ലാവരും ഒരുമയോടെ വികസനത്തെ പിന്തുണയ്ക്കുന്നവരാണ്.

മണ്ഡലത്തിലെ പ്രബലമായ ചര്‍ച്ച ഇനിയുള്ള നാലുവര്‍ഷം വെറുതെ പാഴാക്കി കളയണോ എന്നുള്ളതായിരുന്നു. കാരണം ഇത്തവണ തൃക്കാക്കരയില്‍ ആര് ജയിച്ചാലും അത് സര്‍ക്കാരിനെ ബാധിക്കില്ല എന്നാല്‍ തൃക്കാക്കരക്കാരെ സംബന്ധിച്ച് ഭരണപക്ഷത്ത് ഉള്ള ഒരു എംഎല്‍എയാണ് വിജയിക്കുന്നതെങ്കില്‍ അവിടുത്തെ വികസനങ്ങള്‍ ശക്തിപ്പെടും എന്ന കാര്യത്തില്‍ തൃക്കാക്കരക്കാര്‍ക്ക് സംശയമില്ല.

ഒരു പ്രതിപക്ഷ എംഎല്‍എ ആണ് തൃക്കാക്കരയ്ക്ക് ലഭിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ പല വികസന പ്രവര്‍ത്തനങ്ങളും എംഎല്‍എ പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ടുതന്നെ വികസനത്തോടൊപ്പം അണിനിരക്കുന്ന ജനത തൃക്കാക്കരയില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന് കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇടതുപക്ഷത്തില്‍ ഉണ്ടായിരുന്നത് ഈ വിശ്വാസമാണ്. ഈ ആത്മവിശ്വാസം ശക്തമായിരിക്കുകയാണ് പോളിംഗ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ അപരിചിതമായ ഒരു രീതിയാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ മോശമായി ചിത്രീകരിക്കുന്നത്.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തുടക്കം മുതല്‍ തന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ അവഹേളിക്കാനും മോശമായി ചിത്രീകരിക്കാന്‍ പ്രതിപക്ഷം പല രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവും ലളിതമായ രീതിയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.

ഈ പോളിംഗ് കഴിയുന്ന നിമിഷം വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചോ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചോ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ഞങ്ങള്‍ പറയുന്നത് രാഷ്ട്രീയമാണ്…. വികസനത്തിന്റെ രാഷ്ട്രീയമാണെന്നും എം സ്വരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel