‘രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ‘പങ്കാളികള്‍’ – പങ്ക് വെക്കുന്നവരാണ്:ഡോ ഷിംന അസീസ്

ലെസ്ബിയന്‍ പങ്കാളികളെ ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതിച്ചതിനെ തുടര്‍ന്ന് നിരവധി സൈബര്‍ ആക്രമണങ്ങളാണ് അവര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്. ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ഷിംന അസീസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന് പകരം കമന്റില്‍ തെറിവിളി, ആഭാസം പറച്ചില്‍, അവര്‍ തമ്മിലുള്ള സെക്സിന്റെ വര്‍ണന എന്തൊക്കെ സൈസ് ഞരമ്പുരോഗികളാണോ

ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഒരു വ്യക്തിക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത് മറ്റൊരു ജെന്‍ഡറില്‍ പെട്ട വ്യക്തിയോടാണെങ്കില്‍ അതിനെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇതാണ്.

അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹെട്രോസെക്ഷ്വലാണ് എന്നത് കൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി. ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക. ഇതല്ലാതെ വേറെയും സെക്ഷ്വല്‍ ഓറിയന്റേഷനുകളുമുണ്ട്. ഇതില്‍ ഏത് സെക്ഷ്വല്‍ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല.

അല്ലെങ്കിലും ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത് ജെന്‍ഡറില്‍ പെട്ടവരായാലും ‘പങ്കാളികള്‍’ – പങ്ക് വെക്കുന്നവരാണ്… അത് സുഖവും ദു:ഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചിലവിലൊന്നുമല്ലല്ലോ.

ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണ്. അതിലെ എല്ലാ വശങ്ങളും അവരായിട്ട് അനുഭവിച്ചോളും. അതിന് ടെന്‍ഷനാവാണ്ട് നമ്മള്‍ നമ്മുടെ കാര്യം നോക്കിയാല്‍ മതി.
ഇല്ലെങ്കില്‍?
കാലാകാലം സ്വസ്ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ജീവിക്കാം. അത്ര തന്നെ.
Dr. Shimna Azeez

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News