രാജ്യസഭാ സീറ്റ് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടി ചരടുവലിച്ചു: പി ജെ കുര്യന്റെ വെളിപ്പെടുത്തല്‍

അര്‍ഹമായ രാജ്യസഭാ സീറ്റ് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടി ചരടുവലിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഇതില്‍ രമേശ് ചെന്നിത്തലയും ചേര്‍ന്നു. നേതാക്കളുടെ ഇടുങ്ങിയ കാഴ്ചപ്പാടാണ് ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചത്. പ്രസാധകന്‍ മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പി ജെ കുര്യന്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തെ ചെന്നിത്തലയും പിന്തുണച്ചു. ഫോണിലൂടെപോലും തന്നോട് ആശയവിനിമയം നടത്തിയില്ലെന്നും കുര്യന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന്റ ഭാഗമായാണ് താന്‍ പ്രവര്‍ത്തിച്ചത്. ഗ്രൂപ്പിനുവേണ്ടി പലകാര്യങ്ങളും ഡല്‍ഹിയില്‍ ചെയ്തു. അതെല്ലാം ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ്. ലീഡര്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വന്‍ചരടുവലി നടത്തി. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ലീഡറുടെ സുഹൃത്തായ മൂപ്പനാരെത്തന്നെ നിരീക്ഷകനാക്കണമെന്ന് നരസിംഹറാവുവിനോട് ആവശ്യപ്പെട്ടു.

മൂപ്പനാരെക്കൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ട് എഴുതിക്കാനുള്ള കൗശലം പിന്നീടാണ് മനസ്സിലായത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുണാകരനെ മാറ്റി. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി തന്റെ പേര് നിര്‍ദേശിക്കാന്‍ തീരുമാനിച്ചപ്പോള്‍ തട്ടിയകറ്റിയതും ഇതേ പാര്‍ടി നേതൃത്വമാണ്. വിശ്വസിച്ച പാര്‍ടി ഇടപെട്ട് വലിയൊരു സാധ്യതയില്ലാതാക്കിയെന്ന് കുര്യന്‍ കുറ്റപ്പെടുത്തുന്നു. സൂര്യനെല്ലി ആരോപണത്തില്‍ വേട്ടയാടപ്പെട്ടതിനുപിന്നിലും കോണ്‍ഗ്രസിന്റെ ഒരു ഗ്രൂപ്പ് സജീവമായിരുന്നു.

കുപ്രചാരകരുടെ സംഘം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകള്‍വഴിയും കുപ്രചാരണം നടന്നു. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒറ്റ നേതാവ് പോര. എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധാനംചെയ്യുന്ന കൂട്ടായ നേതൃത്വമാണ് ആവശ്യം. രാഹുല്‍ ഗാന്ധിക്ക് ചെറുപ്പക്കാരെയും മുതിര്‍ന്ന നേതാക്കളെയും ഏകോപിച്ച് നേതൃത്വം നല്‍കാന്‍ കഴിയുന്നില്ല.കോണ്‍ഗ്രസില്‍ സ്ഥാനം ലഭിക്കാന്‍ ഒരു പ്രവര്‍ത്തനവും ആവശ്യമില്ല. നേതാക്കളെ സന്തോഷിപ്പിച്ചാല്‍ മതിയെന്നും കുര്യന്‍ കുറ്റപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News