നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ്

തന്റെ കൈയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.

ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വീണ്ടും ഫോര്‍വേഡ് നോട്ട് കൈമാറിയിട്ടുണ്ട്. പീഡന ദൃശ്യങ്ങളുടെ വിവരണവുമായി മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണകോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടതിനേത്തുടര്‍ന്നാണിത്.ദൃശ്യങ്ങളുടെ സഹായമില്ലാതെ പീഡനത്തിന്റെ ലിഖിതരൂപം തയ്യാറാക്കാന്‍ കഴിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ടില്‍ തുടര്‍നടപടി കാത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here