P Jayachandran; ഇനി ആ ‘ടൈ’ പി ജയചന്ദ്രന് സ്വന്തം; നെഞ്ചോട് ചേർത്ത്‌വെച്ച് ആ സമ്മാനപ്പൊതി

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ ‘ടൈ’ സമ്മാനമായി കുടുംബം. കുടുംബ സുഹൃത്തായ എൻ.ആർ. വെങ്കിടാചലമാണു സ മ്മാനവുമായി എത്തിയത്. ‘‘എനിക്കു റഫി ദൈവമാണ്. ഗുരുവായൂരപ്പനെ നമസ്കരിക്കുന്നതുപോലെ അദ്ദേഹത്തെയും ഞാൻ നമസ്കരിക്കും. റഫിയുടെ പാട്ട് കേട്ടും പാടിയുമാണു ഞാൻ ജീവിക്കുന്നത് ’’– ജയചന്ദ്രൻ പറഞ്ഞു.

റഫിയുടെ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള വെങ്കിടാചലമാണു ജയചന്ദ്രനെക്കുറിച്ചു റഫിയുടെ കുടുംബത്തോടു പറയുന്നത്. റഫിക്ക് അപ്പുറമൊരു ഗായകനില്ലെന്നു പല അഭിമുഖങ്ങളിലും ജയചന്ദ്രൻ പറയുന്നതു വെങ്കിടാചലം ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണു റഫിയുടെ ആരാധകനായ ഗായകനൊരു സമ്മാനം നൽകാൻ കുടുംബം തീരുമാനിച്ചത്. റഫിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു ടൈകൾ. ഈ ടൈ ആണ് മലയാളത്തിന്റെ പ്രിയഗായകന് കുടുംബം സമ്മാനമായി നൽകിയത്.

റഫിയുടെ ഒരു കടുത്ത ആരാധകനാണ് പി ജയചന്ദ്രൻ. റഫിയുടെ ഒരു ഓട്ടോഗ്രഫെങ്കിലും കിട്ടാൻ ഭാഗ്യമുണ്ടാകണേ എന്നു ജയചന്ദ്രനും ആഗ്രഹിച്ചിരുന്നു. രാഷ്ട്രപതി എസ്.രാധാകൃഷ്ണനിൽ നിന്നു മുഹമ്മദ് റഫി പത്മശ്രീ ഏറ്റുവാങ്ങിയപ്പോൾ അണിഞ്ഞിരുന്ന ടൈ ആണ് കുടുംബം സമ്മാനിച്ചത്. മരുമകൻ പർവേശിന്റെ വിഡിയോ സന്ദേശവും ഇതോടൊപ്പമുണ്ടായിരുന്നു. താങ്കളെപ്പോലൊരു വലിയ ഗായകൻ ഇത്രയേറെ ആരാധനയോടെ റഫി സാഹിബിനെ ഓർക്കുന്നതു കുടുംബത്തിലെ എല്ലാവരെയും ഏറെ സന്തോഷിപ്പിക്കുന്നുവെന്നു പർവേശ് പറയുന്നുണ്ട്. റഫി ഓട്ടോഗ്രാഫ് ചെയ്ത ഫോട്ടോയും ഇതിനൊപ്പമുണ്ടായിരുന്നു. ഫോട്ടോയും ടൈയും ജയചന്ദ്രൻ ഏറ്റുവാങ്ങിയത് വികാരഭരിതനായാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News