അസ്വാഭാവികമരണങ്ങളില്‍ രാത്രികാല ഇന്‍ക്വസ്റ്റ് : പോലീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

അസ്വാഭാവികമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്റ്റ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും രാത്രികാലത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളുകയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.

രാത്രികാലത്ത് ഫലപ്രദമായി ഇന്‍ക്വസ്റ്റ് നടത്താന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. അസ്വാഭാവികമരണങ്ങളില്‍ നാല് മണിക്കൂറിനകം തന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി നീക്കം ചെയ്യണം. എന്നാല്‍ പ്രത്യേകസാഹചര്യങ്ങളില്‍ ഏറെ സമയമെടുത്ത് ഇന്‍ക്വസ്റ്റ് ആവശ്യമായി വരുന്നപക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുന്നതിലും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാന്‍ പാടില്ല.

ഇന്‍ക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയില്‍ എത്തിക്കുന്നതിനുളള സംവിധാനം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നത് ജില്ലാ പോലീസ് മേധാവിമാര്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News