Haryana: കുതിരക്കച്ചവടനീക്കം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കമിട്ട് കോണ്‍ഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിലും റിസോര്‍ട്ട് രാഷ്ട്രീയം.തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് ബിജെ പി കളത്തിലിറങ്ങിയതോടെ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം. ഛത്തീസ്ഗഢിലെ ഒരു റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം മുറികള്‍ ബുക്ക് ചെയ്‌തെന്ന് റിപ്പോര്‍ട്ട്.

ഈ മാസം 10നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. സീറ്റുകള്‍ പിടിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയതോടെയാണ് റിസോര്‍ട്ട് രാഷ്ട്രീയവും കടന്നുവരുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എംഎല്‍എ മാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഹരിയാനയില്‍ രണ്ട് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. നിയമസഭയിലെ അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റില്‍ വിജയിക്കാന്‍ കഴിയും.

ഒരു സീറ്റില്‍ ബിജെപിയുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. രണ്ടാം സീറ്റില്‍ കോണ്‍ഗ്രസിന്റെ അജയ് മാക്കനെ വീഴ്ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മയെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. ഹരിയാനയിലെ കോണ്‍ഗ്രസിലെ ഇടഞ്ഞ് നില്‍ക്കുന്ന MLA മാരെ ലക്ഷ്യം വെച്ചാണ് ബിജെപി ഇങ്ങനെയൊരു നീക്കം നടത്തിയത്.സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അജയ് മാക്കനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതില്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്. ഒപ്പം കാര്‍ത്തികേയ ശര്‍മയുടെ പിതാവിന്റെയും ഭാര്യാ പിതാവിന്റെയും കോണ്‍ഗ്രസ് ബന്ധവും കോണ്‍ഗ്രസിന് തലവേദനയാണ്.

ബിജെപിയുടേയും സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയുടേയും സ്വതന്ത്ര എം എല്‍ എ മാരുടേയും വോട്ടിനൊപ്പം കോണ്‍ഗ്രസിലെ അതൃപ്തര്‍ കൂടി തുണച്ചാല്‍ കാര്‍ത്തികേയ ശര്‍മ്മ രാജ്യസഭയിലെത്തും. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള കോണ്‍ഗ്രസ് തീരുമാനം. അതിനിടെ ജാര്‍ഖണ്ഡിലും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഹേമന്ദ് സോറന്‍ മന്ത്രി സഭയ്ക്ക് പുറത്ത് നിന്നുള്ള പിന്തുണ നല്‍കിയാല്‍ മതിയെന്ന അഭിപ്രായമുള്ള നേതാക്കളും പാര്‍ട്ടിയിലുണ്ട്. കോണ്‍ഗ്രസ് ആവശ്യപെട്ടെങ്കിലും ജെ.എം.എം. രാജ്യസഭാ സീറ്റ് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News