Thrissur: കാണാതായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മിനിട്ടുകള്‍ക്കകം കണ്ടെത്തി തൃശൂര്‍ പൊലീസ്

തൃശൂര്‍(Thrissur) നഗരത്തിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ആണ്‍കുട്ടി. ആദ്യ ദിവസത്തെ പ്രവേശനോല്‍സവ പരിപാടികള്‍ കഴിഞ്ഞ്, ഉച്ചക്ക് സ്‌കൂളില്‍ നിന്നും കുട്ടിയെ കൊണ്ടുപോകാന്‍ അച്ഛനും അമ്മയും എത്തി. ക്ലാസ്സില്‍ നിന്നും അവര്‍ കുട്ടിയെ ഏറ്റുവാങ്ങി, സ്‌കൂളിനുമുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന സ്‌കൂള്‍ വാഹനത്തിനടുത്തെത്തി. ആ സമയം വീടിനടുത്തുനിന്നും അതേ വാഹനത്തില്‍ സ്‌കൂളിലേക്ക് വരുന്ന മുതിര്‍ന്ന കുട്ടികള്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ കുട്ടിയെ കൂട്ടി, രാവിലെ വന്ന വാഹനത്തില്‍ കയറി വീട്ടിലേക്ക് പോയ്‌ക്കൊളളാമെന്ന് പറഞ്ഞു. അച്ഛനും അമ്മയും കുട്ടിയെ അവരെ ഏല്‍പ്പിച്ചു.

അവരുടെ മൂത്ത കുട്ടി, നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളിലാണ് പഠിക്കുന്നത്. ആ കുട്ടിയെ സ്‌കൂളില്‍ നിന്നും കൊണ്ടുവരുന്നതിന് അച്ഛമ്മമാര്‍ അവിടേക്കു പോയി. എന്നിട്ട് മൂത്ത കുട്ടിയെ വാഹനത്തില്‍ കയറ്റിവിട്ടു. വീട്ടിലേക്കു പോകും വഴി, ചെറിയകുട്ടി വാഹനത്തില്‍ കയറിപ്പോയിയോ എന്ന് ഉറപ്പുവരുത്താനായി അവിടെ ഇറങ്ങി നോക്കി. അപ്പോഴാണ് കുറച്ചു നേരം മുമ്പ് കുട്ടിയെ ഏല്‍പ്പിച്ചു നല്‍കിയ സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ അവിടെ വിഷമിച്ചു നില്‍ക്കുന്നതു കണ്ടത്. അവന്‍ ഞങ്ങളുടെ കൈവിട്ട് ഓടിപ്പോയി, അവനെ കാണുന്നില്ല. മുതിര്‍ന്ന കുട്ടികള്‍ പറഞ്ഞതുകേട്ട് അച്ഛനും അമ്മയും പരിഭ്രമിച്ചു. എല്ലായിടത്തും അന്വേഷിച്ചു. അവനെ കാണുന്നില്ല. മാത്രവുമല്ല, സ്‌കൂളിലേക്ക് കുട്ടികളേയും കൊണ്ടുവന്ന വാഹനങ്ങള്‍ എല്ലാം തന്നെ കുട്ടികളേയും കൂട്ടി തിരിച്ചു പോയിരുന്നു.

ഉടന്‍ തന്നെ വിവരം സിറ്റി കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം നഗരത്തിലെ പട്രോളിങ്ങ് വാഹനങ്ങളിലേക്ക് കൈമാറി. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പോലീസുദ്യോഗസ്ഥര്‍ സ്‌കൂളിനടുത്തെത്തി. മാതാപിതാക്കള്‍ കുട്ടിയെ കാണാതായ വിവരം പോലീസുദ്യോഗസ്ഥരോട് പറഞ്ഞു. പോലീസുദ്യോഗസ്ഥര്‍ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കുക മാത്രമല്ല, കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സ്‌കൂളിലേക്ക് സര്‍വ്വീസ് നടത്തുന്ന വാഹന ഡ്രൈവര്‍മാരുടെ ടെലിഫോണ്‍ നമ്പറുകള്‍ പോലീസുദ്യോഗസ്ഥര്‍ സംഘടിപ്പിച്ചു. എന്നിട്ട് അവരെ ഓരോരുത്തരെയായി വിളിച്ചു. വാഹനങ്ങള്‍ എല്ലാം വിവിധ ദിശകളിലേക്ക് കുട്ടികളേയും കൊണ്ട് യാത്രചെയ്യുകയായിരുന്നു.

അധ്യയന വര്‍ഷത്തിലെ ഒന്നാമത്തെ ദിവസമായതുകൊണ്ട് പല ഡ്രൈവര്‍മാര്‍ക്കും അവരുടെ വാഹനത്തില്‍ സ്‌കൂളിലേക്ക് വരുന്ന കുട്ടികളെ മുഖപരിചയം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. വാഹന ഡ്രൈവര്‍മാരോട് അവരവരുടെ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കുട്ടികളെ പരിശോധിക്കുവാന്‍ പോലീസുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍, നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സ്‌കൂള്‍ വാഹനത്തില്‍ പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു നല്‍കിയ അടയാളങ്ങള്‍ ഉള്ള ഒരു കുട്ടി ഉണ്ടെന്ന് ഡ്രൈവര്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി. ആ വാഹന ഡ്രൈവറോട് വാഹനം അവിടെ നിര്‍ത്തിയിടാന്‍ പറഞ്ഞു. പോലീസുദ്യോഗസ്ഥര്‍ അച്ഛനേയും കൂട്ടി, പോലീസ് വാഹനത്തില്‍ അവിടേക്ക് കുതിച്ചു. കാണാതായ കുട്ടിയെ ആ വാഹനത്തില്‍ നിന്നും കണ്ടെത്തി. തനിക്ക് പോകാനുള്ള വാഹനമാണെന്നു കരുതി, സ്‌കൂളിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍, അറിയാതെ കയറിയിരിക്കുകയായിരുന്നു കുട്ടി.

കുട്ടിയേയും കൂട്ടി പോലീസുദ്യോഗസ്ഥര്‍ സ്‌കൂളിനുമുന്‍പിലെത്തിയപ്പോള്‍ അച്ഛനും അമ്മയും അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അല്‍പ്പനിമിഷം പോലും പാഴാക്കാതെ, കുട്ടിയെ കണ്ടെത്തുന്നതിന് ഒപ്പം നില്‍ക്കുക മാത്രമല്ല, ആശ്വസിപ്പിക്കുക കൂടി ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് അവര്‍ നന്ദി പറഞ്ഞു.

കുട്ടിയെ കാണാതായന്നെറിഞ്ഞ നിമിഷ നേരം കൊണ്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കണ്‍ട്രോള്‍ റൂം പോലീസുദ്യോഗസ്ഥര്‍, പിങ്ക് പോലീസ് പട്രോളിങ്ങ് എന്നിവരുടെ ആത്മാര്‍ത്ഥ പരിശ്രമ ഫലമാണ് ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇതെല്ലാം കൃത്യമായി ഏകോപിപ്പിച്ചതും സന്ദോര്‍ഭിചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരാണ്. മാതൃകാ പരമായ ഡ്യൂട്ടി നിര്‍വ്വഹിച്ച എല്ലാവര്‍ക്കും തൃശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News