Finalissima: അസൂറിപ്പടയെ തകർത്ത് ഫൈനലിസിമ കപ്പ് അർജന്റീനയ്ക്ക്

അസൂറിപ്പടയെ തകർത്ത് ഫൈനലിസിമ(Finalissima) കപ്പ് ലയണൽ മെസിയുടെ അർജന്റീനയ്ക്ക്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആൽബിസെലസ്റ്റകളുടെ വിജയം.
മെസ്സിപ്പടയുടെ അപരാജിതയാത്രയ്ക്ക് തടയിടാൻ യൂറോ കപ്പ് ജേതാക്കളായ കില്ലീനിയുടെ അസൂറിപ്പടയ്ക്കും ആയില്ല.

ലയണൽ സ്കലോണിയുടെ ആൽബി സെലസ്റ്റകൾ വെംബ്ലിയിൽ പുറത്തെടുത്തത് വീറുറ്റ പ്രകടനമാണ്. ആരാധകരെ ആവേശക്കടലിലാക്കി 28-ാം മിനിറ്റില്‍ ലൌട്ടാരോ മാർട്ടിനെസിലൂടെ അർജന്റീന ലീഡെടുത്തു.
ലോ സെൽസോയും ഡിപ്പോളും ഉൾപ്പെട്ട അർജന്റീനിയൻ മധ്യനിര സമർത്ഥമായി കളിമെനഞ്ഞപ്പോൾ അസൂറി പ്രതിരോധ നിരയ്ക്ക് പിടിപ്പത് പണിയായി.

ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഏഞ്ചൽ ഡിമരിയയുടെ സൂപ്പർ ഗോളിൽ അർജൻറീന ലീഡ് ഉയർത്തി.രണ്ടാം പകുതിയിൽ ആക്രമണാത്മക ഫുട്ബോളുമായി അർജന്റീന കളം നിറഞ്ഞപ്പോൾ മിന്നൽ പ്രത്യാക്രമണങ്ങളുമായി അസൂറികളും കരുത്ത് കാട്ടി.

കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ ലയണൽ മെസിയുടെ പാസിൽ പകരക്കാരൻ ഡിബാലയിലൂടെ അർജൻറീന ഗോൾ പട്ടിക കാൽഡസനാക്കി.
ലോങ് വിസിൽ മുഴങ്ങിയതോടെ അഭിമാന ജയവുമായി വെംബ്ലിയിൽ ആൽബിസെലസ്റ്റകൾക്ക് ആഹ്ലാദമുഹൂർത്തം.

ഫൈനലിസിമ കപ്പ് ഉയർത്തി കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ വിജയാഹ്ലാദം.2019 ൽ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിയെ തോൽപിച്ചു തുടങ്ങിയ അർജൻറീന കഴിഞ്ഞ 32 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല.

തുടർച്ചയായ 35 മത്സരങ്ങളിൽ അപരാജിതരായ ബ്രസീലും സ്പെയിനുമാണ് ഏറ്റവും കൂടുതൽ മത്സരങ്ങളിലെ അപരാജിതക്കണക്കിൽ അർജന്റീനക്ക് തൊട്ടു മുന്നിലുള്ളത്.

37 മത്സരങ്ങളിൽ അപരാജിതരായ ഇറ്റലിയുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തീകരിച്ച റെക്കോർഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News