Ilayaraja: ഇളയരാജ; സാന്ദ്രസംഗീതത്തിന്റെ 79 വര്‍ഷങ്ങള്‍

ഇളയരാജയുടെ(Ilayaraja) കാലഘട്ടം സംഗീതലോകത്ത് വേറിട്ടു നില്‍ക്കുന്നതാണ്. ഇളയരാജയെന്ന അതുല്യ പ്രതിഭ, തമിഴില്‍(Tamil) നിന്ന് തുടങ്ങി ഇന്ത്യയുടെ തന്നെ നെറുകയില്‍ എത്തിയ സംഗീതത്തിന്റെ രാജാവ് തന്നെയാണെന്ന് പറയാം. ഒരു വര്‍ഷം കുറഞ്ഞത് 33 സിനിമ എന്നതായിരുന്നു ഇളയരാജയുടെ കണക്ക്. തമിഴ് ഗ്രാമീണ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ലയിപ്പിച്ച് തന്റേതായ ശൈലിക്ക് ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ അദ്ദേഹം രൂപംനല്‍കി.

തമിഴ്‌നാട്ടിലെ പുന്നൈപുരത്തു 1943 ല്‍ ജനിച്ച ഇളയരാജ പത്ത് മക്കളില്‍ എട്ടാമനായിരുന്നു. സഹോദരന്റെ ഗാനമേള സംഘമായ ‘പാവലാര്‍ ബ്രദേഴ്‌സില്‍ പാടിത്തുടങ്ങിയാണ് രാജ സംഗീതത്തിലേക്ക് തുടക്കം കുറിച്ചത്. റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി തേരുവുകള്‍ തോറും പാടിയ ചരിത്രവും ഈ ഇസൈ ജ്ഞാനിക്കുണ്ട്. ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറുമ്പോഴും സംഗീതം രാജയുടെ ജീവനായി മാറിയിരുന്നു. സംഗീതസംവിധായകന്‍ ജികെ വെങ്കിടേശിന്റെ അസിസ്റ്റന്റായി കുറച്ചു കാലം ജോലി ചെയ്ത അദ്ദേഹം അവിടെ നിന്നു ഗിറ്റാര്‍ പരിശീലിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പിന്നീട് പാസായി. പാശ്ചാത്യസംഗീതത്തിലുള്ള ഇളയരാജയുടെ താല്‍പര്യവും വളര്‍ന്നു.

പഞ്ചു അരുണാചലം നിര്‍മിച്ച ‘അന്നക്കിളി’യിലെ ഗാനങ്ങള്‍ക്ക് ആദ്യമായി സംഗീതം പകര്‍ന്നുകൊണ്ടാണ് സിനിമാസംഗീതത്തിലേക്കുള്ള രാജയുടെ ആദ്യ കാല്‍വെയ്പ്പ്. ചിത്രത്തിലെ 6 പാട്ടുകളും ഹിറ്റായതതോടെ രാജ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. മലയാളത്തിലും തമിഴിലും നിര്‍മിച്ച ആറുമണിക്കൂര്‍ ആണ് മലയാളികള്‍ ആദ്യമായി കേട്ട ഇളയരാജാഗാനം. സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ തിളങ്ങിയ ഹൃദയരാഗങ്ങളുടെ രാജ മൂന്ന് പതിറ്റാണ്ടിനിടെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 1,500ഓളം ചലച്ചിത്രങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കി. 8,500 ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ഇതിനകം 20,000ത്തോളം സംഗീതക്കച്ചേരികള്‍ നടത്തി. പത്മഭൂഷണ്‍ ജേതാവായ ഇളയരാജ നാലുതവണ കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ അവാര്‍ഡുകള്‍ക്ക് അര്‍ഹനായി.

സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സംഗീതജ്ഞനായ ഇളയരാജ നാലുപതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സംഗീതത്തിന്റെ ഭാഗമാണ്. സംഗീതത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യന്റെ മനസിലും ഇളയരാജ എന്നും സംഗീത രാജാവ് തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News