Health: ഹൃദയാഘതത്തിന് കാരണമാകുന്ന ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. പല കാരണങ്ങളാലുമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരവും, ജോലി ഭാരവുമെല്ലാം ഇതിനു കാരണമായി നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഹൃദയാഘാതം വരാതെ നോക്കാനാകുമെന്നാണ് കൊച്ചി ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. നിഗില്‍ കുമാര്‍ പറയുന്നത്. നെഞ്ചുവേദനയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രധാനമാണെന്ന് ഡോക്ടര്‍ പറയുന്നുണ്ട്.

നെഞ്ചുവേദനയുടെ ലക്ഷണം?
‘നെഞ്ചിന്റെ നടുഭാഗത്ത്, പലപ്പോഴും വിരലു കൊണ്ട് ചൂണ്ടി കാണിക്കാന്‍ പറ്റാത്ത രീതിയിലുള്ള പടര്‍ന്ന കയറുന്ന വേദന, അല്ലെങ്കില്‍ ഭാരം കയറ്റി വെച്ചത് പോലെയുള്ള അനുഭവം, എരിച്ചില്‍.. കൈയുടെ, പ്രത്യേകിച്ച് ഇടത് കൈയ്യുടെ ഉള്‍വശത്തേക്കോ ഇടത് തോളിലേക്കോ കഴുത്തിലേക്കും താടിയെല്ലിലേക്കും പടരുന്നതുമായ വേദന, വേദനയോടൊപ്പം അമിതമായ വിയര്‍പ്പ്, മനം പുരട്ടലും ഛര്‍ദിയുമുണ്ടാകുന്നത് , ശ്വാസം മുട്ടല്‍, കിതപ്പ് ഇതെല്ലാം പലപ്പോഴും ഹൃദയസംബന്ധിയായ വേദനയുടെ സൂചകങ്ങളാണ്. ഇത്തരം രോഗലക്ഷണങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോവുന്നത് വലിയ ആപത്തിലേയ്ക്ക് നയിക്കാമെന്നും ഡോക്ടര്‍ പറയുന്നു.

രക്ഷപ്പെടുത്തുന്നതില്‍ സിപിആറിനുള്ള പങ്ക്?

വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ച ഈ കാലഘട്ടത്തിലും out of hospital cardiac arrest അഥവാ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ഉണ്ടാകുന്ന ഹൃദയസ്തംഭനംമൂലം 90 ശതമാനം ആളുകളും മരിച്ച് പോവുന്നു. ആശുപത്രിക്ക് പുറത്ത് ഉണ്ടാവുന്ന ഹൃദയസ്തംഭനം മൂലം വര്‍ഷം തോറും ലോകമെമ്പാടും 18.6 ദശലക്ഷത്തോളം മരണങ്ങള്‍ ഇന്നും സംഭവിക്കുന്നു.

കണ്‍മുന്നില്‍ ഒരാള്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞ് വീഴുന്ന സാഹചര്യത്തില്‍ CPR (CardioPulmonaryResuscitation)നല്‍കുകയാണെങ്കില്‍ ..പ്രത്യേകിച്ച് ഹൃദയസ്തംഭനത്തിന് ശേഷം ഉടന്‍ നല്‍കുകയാണെങ്കില്‍, ഒരു വ്യക്തിയുടെ അതിജീവനസാധ്യത ഇരട്ടിയാക്കാനോ മൂന്നിരട്ടിയാക്കാനോ കഴിയും. CPR ആര്‍ക്കും പഠിക്കാന്‍ സാധിക്കുന്നതാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന ലളിതമായ ഒരു കാര്യമാണത്.

ഹൃദ്രോഗം എങ്ങനെ തടയാം?

ഹൃദ്രോഗത്തിന്റെ കാരണമാവുന്ന പ്രധാന ഘടകങ്ങളാണ് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, ഉയര്‍ന്ന രക്ത കൊളസ്‌ട്രോള്‍, പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം,അമിതമായി മദ്യപാനം എന്നിവ. ഇവയില്‍ പല ഘടകങ്ങളും ഒന്നിച്ച് ചേര്‍ന്ന് വരുമ്പോള്‍ ഹൃദയാഘാതത്തിന്റെ സാധ്യത പല മടങ്ങ് വര്‍ദ്ധിക്കുന്നു. ഈ risk factors മനസിലാക്കി അവയെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിലൂടെ ഹൃദയാഘാതത്തിന്റെ സാധ്യത വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

സ്വന്തം ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആറ് ലളിതമായ കാര്യങ്ങള്‍ ശീലമാക്കാനും ഡോക്ടര്‍ പറയുന്നു
1. കൊഴുപ്പ്, കൊളസ്‌ട്രോള്‍, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും       മുഴുവന്‍ ധാന്യങ്ങളും കൂടുതലുള്ളതുമായ ഭക്ഷണം കഴിക്കുക.
2. മിതമായ തീവ്രതയില്‍ ഉള്ള വ്യായാമം ശീലമാക്കുക. അതായത് ആഴ്ചയില്‍ അഞ്ച്   ദിവസമെങ്കിലും ,പ്രതിദിനം 30 മുതല്‍ 45 മിനിറ്റ് വരെ നീളുന്ന aerobic വ്യായാമങ്ങളും   ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ചെയ്യുന്ന muscle strengthening വ്യായാമങ്ങളും ശീലമാക്കുക.
3. അമിതമായ മദ്യപാനം ഒഴിവാക്കുക.
4. മാനസിക സമ്മര്‍ദ്ദം പരിമിതപ്പെടുത്തുകയും 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം   ഉറപ്പാക്കുകയും ചെയ്യുക.
5. പുകവലി ഉപേക്ഷിക്കുക . പുകവലിക്കുന്ന ആളുകളുടെ second hand smoke     ശ്വസിക്കാതിരിക്കുക.
6. നിങ്ങളുടെ BP, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ശരീരഭാരം എന്നിവ   കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും അവ നിയന്ത്രണത്തിലാണെന്ന് ഉറപ്പ്   വരുത്തുകയും ചെയ്യുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ECG , എക്കോകാര്‍ഡിയോഗ്രാം,   ട്രെഡ്മില്‍ ടെസ്റ്റ് (TMT) തുടങ്ങിയവയിലൂടെ ഹൃദ്രോഗസാധ്യത തിരിച്ചറിയുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News