അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ? വെള്ളിത്തിരയിലെ കാണാപ്പുറങ്ങള്‍ പ്രമേയമാക്കി കണ്‍സെപ്റ്റ് ഫോട്ടോഷൂട്ട്

തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണം പ്രമേയമാക്കിയ ഫോട്ടോ സ്റ്റോറി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. യുവ ഫോട്ടോ ഗ്രാഫര്‍ അരുണ്‍ രാജ്.ആര്‍.നായരാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. സിനിമയില്‍ അവസരം നല്‍കാന്‍ ‘വിട്ടുവീഴ്ച’ ചെയ്യണമെന്ന് അറിയുമ്പോഴുള്ള ഒരു പെണ്‍കുട്ടിയുടെ പ്രതികരണമാണ് ഫോട്ടോ സ്റ്റോറിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

സിനിമയിലും മോഡലിംഗ് രംഗത്തും അവസരങ്ങള്‍ക്കായി ‘വഴങ്ങി’ക്കൊടുക്കാന്‍ പറയുന്ന രീതിയോട് ശക്തമായ മറുപടിയാണ് ഫോട്ടോ സ്റ്റോറി. ‘നോ’ പറയേണ്ടിടത്ത് അതു പറയാനും പ്രതികരിക്കാനുമാണ് ഫോട്ടോസ്റ്റോറി ആഹ്വാനം ചെയ്യുന്നത്.

വിദ്യ, ബിപിന്‍ ദാസ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനര്‍ഘ സനല്‍കുമാറാണ് ക്യാപ്ഷന്‍. മേക്കപ്പ് ഗീതു സൃഷ്ടി.കാസ്റ്റിങ് കൗച്ച് എന്ന പ്രശ്‌നം അതിന്റെ ഗൗരവത്തോടെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അരുണ്‍ രാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

നിങ്ങള്‍ YES പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും നാളെ ഒരുപാടു പെണ്‍കുട്ടികള്‍ക്ക് NO പറയാന്‍ ധൈര്യം പകരുന്ന ചരിത്രം .

അവളെ വെറുമൊരു പെണ്ണായി മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു..കരയാനും ചിരിക്കാനും മാത്രമറിയുന്നൊരു പെണ്‍ കോലം. എന്നാല്‍ അവള്‍ക്കുള്ളിലും ഒരു കടലിരമ്പുന്നുണ്ട്, പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ നിലനില്‍പ്പിന്റെ ആഴക്കടല്‍. അവളുടെ കണ്ണുനീര്‍ തുള്ളികള്‍ നിസ്സഹായതയുടെ അണപൊട്ടലെന്നു കരുതിയെങ്കില്‍, അവളുടെ മൗനം നിന്റെ ആയുധ മൂര്‍ച്ചയുടെ മുന്നിലെ അടിയറവെന്നു കരുതിയെങ്കില്‍ നിനക്ക് തെറ്റി. പ്രോലോഭനത്തിന്റെ മോഹനസ്വര്‍ഗ്ഗവുമേന്തി നീ നടന്നടുത്തത് ഏതൊരു വേട്ടക്കാരനെയും വെല്ലുന്ന, പിന്നിലെക്കാഞ്ഞതിനും ഇരട്ടിവേഗത്തില്‍ മുന്നിലെക്കിരമ്പിയടുക്കുന്ന പെണ്‍പുലിയുടെ മുന്നിലെന്നറിയുക. അവസരങ്ങളെന്ന കീറിമുഷിഞ്ഞ ആ വലയുമായി ഇരുട്ടിന്‍ മറവില്‍ ഇനിയും ആ കാട്ടിലേക്ക് നീ ചെന്നാല്‍, പ്രതിരോധത്തിനായ് നായായും നരിയായും നരനായാട്ടിനിറങ്ങും അവള്‍…

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിര്‍മ്മാതാവും നടനുമായ വിജയ് ബാബു യുവ നടിയെ പീഡിപ്പിച്ചെന്ന കേസ് ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് അരുണ്‍ രാജിന്റെ കണ്‍സെപ്റ്റ് ഫോട്ടോ സ്റ്റോറിയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. കൂടാതെ ചൂഷണം ചെയ്യപ്പെട്ടിട്ടും പുറത്ത് പറയാനാവാതെ ജീവിതം നഷ്ടപ്പെട്ട് കുടുങ്ങിപ്പോയവര്‍ക്ക് പ്രചോദനം നല്‍കുന്നതുമാണ് ഫോട്ടോസ്റ്റോറി.

ഇതിനു മുന്‍പും ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ അരുണ്‍.മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോസ്റ്റോറിക്ക് ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News