തുര്‍ക്കി ഇനി ‘തുര്‍ക്കിയെ’; പേരുമാറ്റത്തിന് കാരണം ഇത്

തുര്‍ക്കി ഇനി മുതല്‍ തുര്‍ക്കിയെ എന്ന പുതിയ നാമത്തില്‍ അറിയപ്പെടും. യു.എന്‍ രേഖകളില്‍ ഇനിമുതല്‍ പുതിയ പേരിലായിരിക്കും അറിയപ്പെടുക.

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായാണ് പേരുമാറ്റം. ഈയാഴ്ചയാണ് ഔദ്യോഗിക രേഖകളില്‍ പുതിയ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉര്‍ദുഗാന്‍ ഭരണകൂടം യു.എന്‍ വൃത്തങ്ങളെ സമീപിച്ചത്. അന്താരാഷ്ട്ര സമിതികളോടെല്ലാം പേരുമാറ്റം അംഗീകരിക്കാന്‍ ആവശ്യപ്പെടും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജ്യത്തിന്റെ പേര് മാറ്റി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനമാണ് തുര്‍ക്കിയെ എന്ന പേരെന്നായിരുന്നു ഉര്‍ദുഗാന്റെ വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും നാഗരികതയെയും മൂല്യങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന പേരാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങളിലും ‘മെയ്ഡ് ഇന്‍ തുര്‍ക്കിയെ’ എന്ന് ചേര്‍ക്കുന്നുണ്ട്. ഹലോ തുര്‍ക്കിയെ എന്ന പേരില്‍ ഈ വര്‍ഷം ആദ്യത്തില്‍ ടൂറിസം കാംപയിനും ആരംഭിച്ചിരുന്നു.

ഇതിനുമുന്‍പും നിരവധി രാജ്യങ്ങള്‍ അടുത്ത വര്‍ഷങ്ങളിലായി പുതിയ പേര് സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ 2020ല്‍ റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി നെതര്‍ലന്‍ഡ്സ് ഹോളണ്ട് എന്ന പേര് ഉപേക്ഷിച്ചിരുന്നു. ഗ്രീസുമായുള്ള രാഷ്ട്രീയ തര്‍ക്കങ്ങളെ തുടര്‍ന്ന് മാസിഡോണിയ നോര്‍ത്ത് മാസിഡോണിയയുമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News