അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട്; വലതുപക്ഷ ശക്തികള്‍ക്ക് ബദലാണ് കേരള സര്‍ക്കാരെന്ന് മുഖ്യമന്ത്രി

അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം വീടുകള്‍ നല്‍കും. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ പ്രതിസന്ധികളെ കേരളം ഒറ്റക്കെട്ടായാണ് അതിജീവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഘട്ടത്തിലും നമ്മള്‍ പിറകിലേക്ക് പോയില്ല. പലരൂപത്തില്‍ സര്‍ക്കാറിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിയില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. ഇനിയും അത് തുടരും. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍വേയാണ് ഇപ്പോള്‍ രാജ്യത്തെ പല ആരാധനാലയങ്ങളിലും നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ സര്‍വേയാണ് നടക്കുന്നത്. പരമദരിദ്രരെ കണ്ടെത്താനാണ് കേരളത്തില്‍ സര്‍വേ നടക്കുന്നത്. വലതുപക്ഷ ശക്തികള്‍ക്ക് ബദലാണ് കേരള സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച ഒരു രാഷ്ട്രമാണ്. പക്ഷെ, ആ മതനിരപേക്ഷത ഏതെല്ലാം രീതിയില്‍ തകര്‍ക്കാനാകും, അതിനാണ് രാജ്യത്ത് ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം വലിയ തോതില്‍ വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഇതിന്റെ ഫലമായി വലിയ ആശങ്കയില്‍ കഴിയേണ്ടി വരുന്ന ഒരു അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ ഉണ്ടാകുന്നു. അതിന്റെ ഭാഗമായി പല നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വരുന്നു. അതില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടതും നമ്മുടെ രാജ്യത്തിന് ചേരാത്തതുമായ ഒരു നടപടി ആയിരുന്നു മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുക എന്നത്. നമ്മുടെ പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല. ഞങ്ങള്‍ അതുമായി മുന്നോട്ട് പോകും എന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍, രാജ്യത്ത് ആദ്യമേ തന്നെ ഒരു തരത്തിലുമുള്ള അറച്ച് നില്‍പ്പുമില്ലാതെ കേരളം നിലപാട് പരസ്യമായി പറഞ്ഞു. അത് പൗരത്വനിമയഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു.

രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള സര്‍വേ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള സര്‍വേകള്‍ കൂടിയാണ്. ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍വേകള്‍ നടന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. നമ്മളും ഇവിടെ സര്‍വേകള്‍ നടത്തുന്നുണ്ട്. ആ സര്‍വേകള്‍ ഏതെങ്കിലും തരത്തില്‍ ജനങ്ങളെ ചേരിതിരിക്കാനുതകുന്നതല്ല. ജനങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. നമ്മുടെ സമൂഹത്തിലെ പരമദരിദ്രരായ കുടുംബങ്ങള്‍ ഏതൊക്കെയാണ് എന്ന് കണ്ടെത്താനുള്ള സര്‍വേ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്. അതിലൂടെ ആ കുടുംബങ്ങളെ ആകെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News