കലാലയങ്ങളിൽ മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണം: മന്ത്രി എം വി ഗോവിന്ദൻ

സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിന്തറ്റിക്‌ ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർധിക്കുകയാണ്‌. ഈ അപകടകരമായ സ്ഥിതി മുന്നിൽക്കണ്ടുകൊണ്ടുള്ള ജാഗ്രത സമൂഹം പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളിനും കോളേജിനുമൊപ്പം ജാഗ്രതയോടെയുള്ള പ്രവർത്തനം ഹോസ്റ്റലുകളിലും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. കലാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച്‌ എക്സൈസിന്‌ രഹസ്യവിവരം നൽകുന്ന സംവിധാനമാക്കി മാറ്റാനാകണം. പ്രായഭേദമില്ലാതെ മയക്കുമരുന്ന് സമൂഹത്തിൽ വ്യാപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾ താമസിക്കുന്ന സങ്കേതങ്ങൾ കേന്ദ്രീകരിച്ചും ബോധവത്കരണം ശക്തമാക്കണം. സംസ്ഥാനത്തെ ‌ എല്ലാ തദ്ദേശ വാർഡുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും മന്ത്രി നിർദേശിച്ചു. കായിക – സാംസ്‌കാരിക മേഖലയിൽ കൃത്യമായ ലക്ഷ്യം വെച്ച്‌ നടക്കുന്ന പദ്ധതികൾ വിപുലീകരിക്കും‌. നിലവിൽ നല്ല രീതിയിൽ നടക്കുന്ന സാംസ്‌കാരിക/ഗ്രന്ഥശാലാ സംഘങ്ങളുടെ ലഹരി വിരുദ്ധ പ്രവർത്തനം കൂടുതൽ ഊർജ്ജ്വസ്വലമാക്കാനും യോഗം തീരുമാനിച്ചു.

ലഹരിയിൽ നിന്ന് മോചനം നേടുന്നതിനായുള്ള ഡീ അഡിക്ഷൻ സെന്ററുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ യോഗം വിലയിരുത്തി. അലോപ്പതിക്കൊപ്പം ആയുർവേദ – ഹോമിയോ മേഖലകളും നൂതന ചികിത്സാ രീതികൾ മുന്നോട്ടുവെച്ചിട്ടുണ്ട്‌. ഇതെല്ലാം പരിഗണിച്ചുകൊണ്ട്‌ സംയോജിത ചികിത്സാ രീതി ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ നടപ്പാക്കാനും എക്സിക്യുട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചു. പൊതുഭരണം നികുതിവകുപ്പ്‌‌ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐ എ എസ്‌, എക്സൈസ്‌ കമ്മീഷണർ എസ്‌ ആനന്ദകൃഷ്‌ണൻ ഐപിഎസ്‌, വിവിധ വകുപ്പുകളിലെ‌ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News