ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ; സെമി പോരാട്ടങ്ങൾ ഇന്ന്

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും.റാഫേൽ നദാലിന് അലക്സാണ്ടർ സ്വരേവും കാസ്പർ റൂഡിന് മാരിൻ ചിലിച്ചുമാണ് എതിരാളി. വൈകിട്ട് 6:15 മുതലാണ് സെമി പോരാട്ടങ്ങൾ.

കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലിന് പതിനാലാം കിരീടത്തിലേക്ക് വേണ്ടത് ഇനി 2 ജയം മാത്രം. ബ്ലോക്ക്ബസ്റ്റർ ക്വാർട്ടർ പോരിൽ സാക്ഷാൽ ദ്യോക്കോവിന് മടക്ക ടിക്കറ്റ് നൽകിയ റാഫയ്ക്ക് സെമി എതിരാളി തകർപ്പൻ ഫോമിൽ കളിക്കുന്ന ജർമനിയുടെ സൂപ്പർ താരം അലക്സാണ്ടർ സ്വരേവാണ്.

സ്പാനിഷ് സെൻസേഷൻ താരം കാർലോസ് അൽക്കാറസ് ഗാർഫിയയെ വീഴ്ത്തിയാണ് സ്വരേവ് റോളണ്ട് ഗാരോസിൽ അവസാന നാലിൽ ഇടം ഉറപ്പിച്ചത്. മുഖാമുഖം പോരാട്ടങ്ങളിൽ ഒരേ ഒരു തവണ മാത്രമാണ് സ്വരേവ് നദാലിനെ തോൽപിച്ചത്. കന്നി ഗ്രാൻസ്ലാം കിരീടമാണ് സ്വരേവിന്റെ മോഹം. രണ്ടാം സെമിയിൽ ക്രൊയേഷ്യയുടെ മാരിൻ ചിലിച്ചിനെതിരാളി നോർവെയുടെ കാസ്പർ റൂഡാണ്.

ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനീൽ മെദ്വദേവിനെ തോൽപിച്ചാണ് ചിലിച്ച് സെമിയിലെത്തിയത്. ഓപ്പൺ യുഗത്തിൽ ഒരു ഗ്രാൻസ്ലാം സെമിയിലെത്തുന്ന ആദ്യ നോർവെ താരമായ കാസ്പർ റൂഡ് ഡെന്മാർക്കിന്റെ ഹോൾഗർ റൂണിനെയാണ് പരാജയപ്പെടുത്തിയത്.

33 കാരനായ ചിലിച്ചും 23 കാരനായ റൂഡും ഏറ്റുമുട്ടുമ്പോൾ പ്രായം കൊണ്ടും ഫോം കൊണ്ടും മുൻതൂക്കം റൂഡിനാണ്. എങ്കിലും പ്രായത്തെ വെല്ലുന്ന അട്ടിമറികളുമായി എത്തുന്ന ചിലിച്ച് നിസ്സാരക്കാരനല്ല. 2014 ൽ യു എസ് ഓപ്പൺ കിരീടം നേടിയ ചിലിച്ചിന്റെ മോഹം ഇടവേളക്ക് ശേഷമുള്ള രണ്ടാം ഗ്രാൻസ്ലാം കിരീടമാണ്. ഏതായാലും റോളണ്ട് ഗാരോസിലെ സൺഡേ കിരീടപ്പോരിൽ ആരൊക്കെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ടെന്നീസ് ലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here