KK: വീണയുടൻ തന്നെ സിപിആർ നൽകിയിരുന്നെങ്കിൽ രക്ഷിക്കാനായേനെ; കെകെയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടര്‍

അന്തരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ റിപ്പോർട്ടുകൾ പുറത്ത്. അദ്ദേഹത്തിൻ്റെ ഹൃദയത്തിന് ചുറ്റും കൊഴുപ്പ് പാളി വെളുത്ത നിറമായി മാറിയിരുന്നെന്നും, ഇടതുവശത്തെ ധമനിയിലുണ്ടായ എൺപത് ശതമാനത്തോളമുള്ള ഗുരുതരമായ ബ്ലോക്ക് രക്തയോട്ടത്തെ ബാധിച്ചിരുന്നു എന്നും റിപ്പോർട്ടിൽ ഉണ്ട്.

എന്നാൽ, അദ്ദേഹം വീണയുടൻ തന്നെ സിപിആർ(CPR) (പുനരുജ്ജീവന പ്രക്രിയ) നൽകിയിരുന്നെങ്കിൽ രക്ഷിക്കാനായേനേയെന്ന് പോസ്റ്റ്മോർട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു.

മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനകൾക്കയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ദീര്‍ഘനാളായി അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. മരണത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്നും കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.

ആമാശയം, കരൾ എന്നിവയ്ക്കുള്ള 10 വ്യത്യസ്ത മരുന്നുകളും വിറ്റാമിൻ സി, അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്ന ഒന്നിലധികം ആന്റാസിഡുകളും സിറപ്പുകളും അദ്ദേഹത്തിന്റെ മുറിയിൽ നിന്നും കണ്ടെത്തിയതായി പൊലീസ് കൂട്ടിച്ചേർത്തു.

കെകെ(KK)യുടെ ശരീരത്തിൽ കണ്ടെത്തിയ മരുന്നുകളിൽ ചില ആയുർവേദ, ഹോമിയോപ്പതി മരുന്നുകളുടേയും സാനിധ്യമുണ്ട്. “മെയ് 31 ന് രാവിലെ, താൻ അവശനാണെന്ന് കെകെ തന്റെ മാനേജരോട് പറഞ്ഞിരുന്നു.

മരണം സംഭവിക്കുന്ന 31ന് മണിക്കൂറുകൾക്ക് മുൻപ്, തന്റെ തോളും കൈകളും വേദനിക്കുന്നതായി അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു” എന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here