നടിയെ ആക്രമിച്ച കേസ്;തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി|High Court

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെയാണ് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി സാവകാശം അനുവദിച്ചത്. ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. തുടരന്വേഷണത്തിന് അനുവദിച്ച കാലാവധി മെയ് 31ന് അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സാവകാശം തേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ ഫോറന്‍സിക്ക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ പക്കല്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളടങ്ങിയ ടാബാണ് ശരത്ത് ദിലീപിന് കൈമാറിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. ഈ ടാബ് കണ്ടെടുക്കേണ്ടതുണ്ട്.

ഹാജരാക്കിയ ഫോണുകളില്‍ നാലെണ്ണത്തില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചു ഇനിയും രണ്ടെണ്ണത്തിന്റെ പരിശോധിക്കാനുണ്ട്. അതിനാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന ആരോപണം ദിലീപ് നിഷേധിച്ചിരുന്നു. സമയം നീട്ടി ചോദിക്കുന്നതില്‍ ഗൂഢ ഉദ്ദേശമുണ്ടെന്നും വിചാരണ തടയുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യമെന്നും ദിലീപ് വാദിച്ചിരുന്നു. അതേസമയം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടിരുന്നു. വിശദമായ വാദം കേട്ട കോടതി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15വരെ സമയം അനുവദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here