THRIKAKKARA; തൃക്കാക്കര; എൽഡിഎഫ് വോട്ടിൽ 2244ന്റെ വർധനവ്

മികച്ച ഭൂരിപക്ഷത്തിൽ യു ഡി എഫിന് മണ്ഡലം നിലനിർത്താനായപ്പോൾ വോട്ട് വർദ്ധിപ്പിക്കാനായതിൻ്റെ ആശ്വാസത്തിലാണ് എൽ ഡി എഫ്. ഇടതു വിരുദ്ധ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി സമാഹരിക്കാനായത് യു ഡി എഫിന് നേട്ടമായി. ബി ജെ പി വോട്ടിലുണ്ടായ കുറവ് , വരും ദിവസങ്ങളിൽ നേതൃത്വം വിശദീകരിയ്ക്കേണ്ടി വരും.

2021 നെ അപേക്ഷിച്ച് 12931 വോട്ടുകൾ യുഡിഎഫിനും 2244 വോട്ടുകൾ എൽ ഡി എഫിനും അധികം നേടാൻ ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞു. എന്നാൽ സംസ്ഥാനത്തെ മുതിർന്ന നേതാവ് മത്സരിച്ചിട്ടും ബി ജെ പി വോട്ട് കുറയുകയായിരുന്നു. ഇടത് വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനും തങ്ങൾക്ക്അനുകൂലമായി സമാഹരി
ക്കാനും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. നഷ്ടപ്പെട്ട ബി ജെ പി വോട്ടുകൾ യു ഡി എഫ് ഇങ്ങനെ സമാഹരിച്ച വോട്ടുകളിലുണ്ട് എന്നാണ് വിലയിരുത്തൽ. യു ഡി എഫ് സ്ഥാനാർത്ഥിയുടെ ബി ജെ പി ഓഫീസ് സന്ദർശനം പ്രചാരണ ഘട്ടത്തിൽ തന്നെ വിവാദമായിരുന്നു.

12588 വോട്ടുകളാണ് ബി ജെ പി ക്ക് ഇക്കുറി ലഭിച്ചത്. 2016 ൽ 21247 ഉം 2019 ൽ 20710 ഉം നേടിയ ബി ജെ പി യ്ക്ക് ഇക്കറി 10% നും താഴെ മാത്രമേ വോട്ട് നേടാനായുള്ളൂ. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ പ്രാദേശിക നേതാവ് മത്സരിച്ചപ്പോൾ 15, 483 വോട്ടുകൾ സ്വന്തം പെട്ടിയിലെത്തിക്കാൻ ബി ജെ പി യ്ക്ക് കഴിഞ്ഞിരുന്നു. പി സി ജോർജിനെ ഉൾപ്പെടെ ഇറക്കി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബിജെ പി ക്ക് മുമ്പുണ്ടായിരുന്ന വോട്ടുകൾ പോലും സംരക്ഷിക്കാനായില്ല.വോട്ട് ചോർച്ച അണികൾക്ക് പോലും ബോധ്യമാകും വിധം വിശദീകരിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കഴിഞ്ഞില്ല.

ബി ജെ പി വോട്ടിന് പുറമേ എസ് ഡി പി ഐ വോട്ടും യു ഡി എഫ് സമാഹരിച്ച അധിക വോട്ടുകളിൽപ്പെടും . കോൺഗ്രസ് നേതാവും പോപ്പുലർ ഫ്രണ്ട് നേതാവുമായുള്ള രഹസ്യ കൂടിക്കാഴ്ച പ്രചാരണ ഘട്ടത്തിൽ സജീവ ചർച്ചയായിരുന്നു. കഴിഞ്ഞ തവണ 13800 ലധികം വോട്ട് നേടിയ 20 ട്വൻ്റി ഇക്കുറി മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്തുവെങ്കിലും വോട്ട് വീണത് യു ഡി എഫ് പെട്ടിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിതറി വീണ ഇത്തരം വോട്ടുകൾ സമാഹരിക്കാൻ പുതിയ നേതൃത്വത്തിനായതോടെ തൃക്കാക്കര കോട്ടയായി തന്നെ നിലനിർത്താൻ യുഡി എഫിന് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News