ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയെന്നും ജയിച്ചാല്‍ എല്ലാം കിട്ടിയെന്നും പാര്‍ട്ടി കരുതാറില്ല: കോടിയേരി

ജനവിധി അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ‌ന്‍. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും തൃക്കാക്കരയില്‍ നടത്തിയ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ധനവ് പോരാ എന്നാണ് പാര്‍ടി വിലയിരുത്തുന്നതെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും തോല്‍വിയുണ്ടാകും. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയെന്നും ജയിച്ചാല്‍ എല്ലാം കിട്ടിയെന്നും പാര്‍ട്ടി കരുതാറില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ പരാജയപ്പെട്ടിടത്ത് നിന്നാണ് നിയമസഭ തെരഞ്ഞടുപ്പില്‍ 99 സീറ്റിലേക്കെത്താന്‍ എല്‍ഡിഎഫിന്  സാധിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 45,510 ആയിരുന്നു. 47, 754 ആയി ഈ ഉപതെരഞ്ഞെടുപ്പില്‍ അത് വര്‍ധിച്ചു. 2244 വോട്ടാണ് വര്‍ധിച്ചത്.  33.32 ശതമാനം വോട്ടുകള്‍ 35. 28 ശതമാനമായി വര്‍ധിക്കുകയായിരുന്നു. യുഡിഎഫിന്റെ ശക്തമായ കോട്ടയാണീ മണ്ഡലം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഎഫിനുണ്ടായിരുന്ന 59,839 വോട്ട് 72, 770 ആയി വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ബിജെപി വോട്ടിലുള്ള കുറവും ട്വന്റി ട്വന്റി പോലെയുള്ള, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ചില സംഘടനകള്‍  യുഡിഎഫിന് ഗുണമായി മാറിയെന്നും കോടിയേരി പറഞ്ഞു

ബിജെപിയ്ക്ക് 15,483 വോട്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിലത് 12,957 ആയി കുറഞ്ഞു. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 21,247 വോട്ട് തൃക്കാക്കരയില്‍ ലഭിച്ചു. ഇത് കാണിക്കുന്നത് ബിജെപിയുടെ വോട്ടില്‍ ക്രമാനുഗതമായ കുറവ് ഈ മണ്ഡലത്തില്‍ വരുന്നുണ്ട് എന്നാണ്. അത് യുഡിഎഫിന് അനുകൂലമായി മാറി.

ട്വന്റി ട്വന്റിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13,897 വോട്ടുണ്ടായിരുന്നു. അവര്‍ക്കിത്തവണ സ്ഥാനാര്‍ഥിയില്ല. ഈ സാഹചര്യം യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനിടയാക്കിയ പ്രധാന കാരണമാണ്. പ്രതീക്ഷിക്കുന്ന മുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എറണാകുളം ജില്ലയില്‍ പൊതുവില്‍ മറ്റ് ജില്ലകളിലുണ്ടായ മുന്നേറ്റം ഉണ്ടാക്കാനായില്ല. അതെന്തുകൊണ്ടെന്ന് പ്രത്യേകം പരിശോധിക്കും. ഈ ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍പ്രവര്‍ത്തമാണ് ഏറ്റെടുക്കേണ്ടത്. ബൂത്ത് തലം വരെ ഇത് സംബന്ധിച്ച പരിശോധന പാര്‍ട്ടി നടത്തും.

കെ റെയില്‍ പ്രശ്‌നം വച്ച് നടത്തിയൊരു തെരഞ്ഞെടുപ്പല്ലിത്. തെരഞ്ഞെടുപ്പ് ഫലമായി അതിന് ബന്ധമില്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കോടിയേരി മറുപടി നല്‍കി. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് മാത്രമല്ല, വോട്ടിംഗില്‍ എത്ര വര്‍ധനവുണ്ടായി എന്നതും ഒരു ഘടകമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ പത്രസമ്മേളനം നടത്തിയിട്ടാണ്.അതിന് ശേഷം വിവരമറിയിക്കാന്‍ പോയപ്പോള്‍ മാധ്യമങ്ങള്‍ കൂടുകയും സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന് തെറ്റിദ്ധരിക്കുകയുമായിരുന്നു.

സര്‍ക്കാരിന്റെ ശൈലിയുടെ ഭാഗമായുള്ള തെരഞ്ഞെടുപ്പല്ലിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു ശൈലി സംബന്ധിച്ച് ഏറ്റവും വലിയ പ്രചരണം നടന്നത്. അന്ന് 99 സീറ്റ് എല്‍ഡിഎഫിന് ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ മാധ്യമങ്ങളും യുഡിഎഫിന്റെ കൂടെയായിരുന്നു. ഒരു പത്രം യുഡിഎഫിന്റെ ഘടക കക്ഷിയെ പോലെയാണല്ലോ ഇത്തവണ പ്രവര്‍ത്തിച്ചതെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News