Pushkar-singh; പുഷ്കർ സിംഗ് ധാമിക്ക് ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ജയം; കോൺഗ്രസിന് തിരിച്ചടി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ജയം. 62,683 വോട്ടർമാരാണ് ചമ്പാവത് മണ്ഡലത്തിൽ ആകെ വോട്ട് ചെയ്തത്. ഇതിൽ 58,258 വോട്ടുകൾ നേടിയാണ് പുഷ്‌കർ സിംഗ് ധാമി വിജയിച്ചത്. മണ്ഡലത്തിലെ 92.94 ശതമാനം വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചു.

എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ നിർമല ഗാഹ്‌ടോരിക്ക് ലഭിച്ചത് കേവലം 3233 വോട്ടുകൾ മാത്രമാണ്. കെട്ടിവെച്ച കാശ് കോൺഗ്രസിന് നഷ്ടമായി. ശതമാനക്കണക്കിൽ 5.16 ശതമാനം മാത്രമാണ് കോൺഗ്രസ്സിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയും സമാജ് വാദി പാർട്ടി പിന്തുണയോടെ മത്സരിച്ച മനോജ് കുമാർ ഭട്ടിന് 413 വോട്ടുകളും സ്വതന്ത്രനായ ഹിമാൻഷൂ ഗാർകോട്ടിക്ക് 402 വോട്ടും നോട്ടയ്‌ക്ക് 377 വോട്ടുകളുമാണ് ലഭിച്ചത്.

ഉത്തരാഖണ്ഡിൽ രണ്ടാം വട്ടവും ഭരണം പിടിച്ച ബിജെപിയുടെ ഇടക്കാല മുഖ്യമന്ത്രിയായിട്ടാണ് പുഷ്‌കർ സിംഗ് ധാമി ആദ്യ ഘട്ട ഭരണത്തിൽ രംഗത്തെത്തിയത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത മണ്ഡലമായ ഖാതിമയിൽ കോൺഗ്രസ്സിന്റെ ഭുവൻ ചന്ദ്ര കാപ്രിയോടാണ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അനിവാര്യമായിരുന്നു. ”ചമ്പാവത് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിലൂടെ നിങ്ങള്‍ ചൊരിഞ്ഞ സ്‌നേഹത്തിലും അനുഗ്രഹത്തിലും എന്റെ ഹൃദയം വളരെ വികാരഭരിതമാണ്, എനിക്ക് ഒന്നും പറയാനാവുന്നില്ല”- വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ധാമി പറഞ്ഞു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിര്‍ത്തുകയും ധാമി മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ ഖത്തിമയില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന് ധാമി പരാജയപ്പെട്ടു. ചമ്പാവത്തില്‍ ധാമി പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുഷ്‌കര്‍ സിങ് ധാമി രാജിവെക്കേണ്ടി വരുമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ 64.08 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ധാമിക്ക് മത്സരിക്കാന്‍ വേണ്ടി ബി ജെ പി എംഎല്‍എ കൈലാഷ് ഗെഹ്തോരി കഴിഞ്ഞ മാസം ചമ്പാവത്തില്‍ നിന്ന് രാജിവെച്ചിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും താനക്പൂരില്‍ ധാമിക്കായി പ്രചരണം നടത്തിയിരുന്നു. മണ്ഡലത്തിലെ ജനങ്ങളോട് അവരുടെ വേഗത്തിലുള്ള വികസനത്തിനായി ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു പ്രചരണത്തിലൂടെ ഇവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News