KSRTC:ഇനി കാര്യവട്ടം ക്യാമ്പസ്സിലും ആനവണ്ടി ക്ലാസ്സ് റൂം…

(Karyavattom Campus)കാര്യവട്ടം ക്യാമ്പസ്സിലും ആനവണ്ടി ക്ലാസ്സ് റൂം ആരംഭിച്ചു. ഓട്ടം മതിയാക്കി പൊളിക്കാനിട്ട (KSRTC)കെഎസ്ആര്‍ടിസി ബസ്സാണ് കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ക്ലാസ്സ് മുറിയായ് മാറിയത്. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് വകുപ്പിലെ വിദ്യാര്‍ഥികള്‍ക്കായാണ് ആനവണ്ടി ക്ലാസ്സ്റൂം ഒരുങ്ങിയത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഓട്ടം മതിയാക്കിയ കെ എസ് ആര്‍ ടി സി ബസ്സാണ് സൗജന്യമായ് സര്‍വ്വകലാശാലയ്ക്ക് നല്‍കിയത്. ആന വണ്ടി ക്ലാസ് മുറിയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിര്‍വ്വഹിച്ചത്.

ക്ലാസ് മുറികള്‍ വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കണമെന്ന വകുപ്പ് മേധാവി അച്യുത് ശങ്കര്‍ എസ് നായരുടെ ആശയമാണ് ബസ്സിനുള്ളിലെ ക്ലാസ് മുറി യാഥാര്‍ത്ഥ്യമാക്കിയത്. ക്യാമ്പസിലെത്തിച്ച ബസ്സിനുള്ളില്‍ അറ്റകുറ്റപണികള്‍ നടത്തി ലൈറ്റുകളും ഫാനുകളും സ്ഥാപിച്ചു. ബസ്സിലെ സീറ്റുകള്‍ക് നല്‍കിയ പേരുകളും വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. ‘പാപ്പാന്‍, ബുദ്ധിജീവി, പഠിപ്പിസ്റ്റ്, സര്‍വ്വവിജ്ഞാനകോശം, നിര്‍ഗുണ പരബ്രഹ്മം, ഉഴപ്പന്‍’ തുടങ്ങിയ പേരുകളാണ് സീറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് ബസ് വേണമെന്ന് കാട്ടി കെ.എസ്.ആര്‍.ടി.സിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് അധികൃതര്‍ ബസ്സ് അനുവദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News