Prayar Gopalakrishnan : മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്‌ണന് വിട

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ അന്തരിച്ചു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലെ വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ദീർഘകാലം മിൽമ ചെയർമാനായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. നാളെ കൊല്ലം ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ചിതറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

കെ എസ് യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും പൊതുരംഗപ്രവേശം. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പുകൾക്ക് പിടികൊടുക്കാതെയുള്ള പ്രവർത്തനം. മിൽമ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ കോൺഗ്രസ് അധികാരത്തെ അരക്കിട്ടുറപ്പിച്ച സഹകാരി. പ്രയാർ ഗോപാലകൃഷ്ണൻ വിടവാങ്ങുമ്പോൾ നഷ്ടപ്പെടുന്നത് കോൺഗ്രസിലെ സാത്വികമുഖം.

മിൽമ രൂപീകരിച്ചത് മുതൽ 18 വർഷം ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് പ്രയാർ. ചരിത്രത്തിൽ ഒരുതവണ മാത്രം ചടയമംഗലത്തെ വോട്ടർമാർ കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിച്ചപ്പോൾ നിയമസഭയിലെത്തി. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് മുന്നോക്ക വികസന കോർപ്പറേഷൻ- സമുന്നതിയുടെ ചെയർമാനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള പ്രവർത്തനകാലത്ത് ശബരിമല ധർമശാസ്താ ക്ഷേത്രത്തെ അയ്യപ്പക്ഷേത്രമായി പുനർനാമകരണം ചെയ്യുന്നതിന് മുൻകൈയെടുത്തു.

ശബരിമല സമരകാലത്ത് കോൺഗ്രസ് സമരങ്ങളുടെ നേതാവായിരുന്നു പ്രയാർ. സ്ത്രീപ്രവേശനവിധിയെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് സമരവേദികളിൽ പ്രയാർ നിറഞ്ഞു. കൊല്ലം പ്രസ്ക്ലബ്ബിലെ വാർത്താസമ്മേളനത്തിൽ നടത്തിയ വിവാദപ്രതികരണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി.

എന്നാൽ, കോൺഗ്രസിൽ അവഗണിക്കപ്പെട്ടവനെന്ന് വെളിപ്പെടുത്തി പ്രയാർ രംഗത്തുവന്നതും കേരളം കണ്ടു. പാർട്ടിയിലെ ഗ്രൂപ്പുപോരിനെ തുറന്നെതിർത്തതിന് ചടയമംഗലം സീറ്റ് നൽകാതെ പാർട്ടി ത‍ഴഞ്ഞു. സുരേന്ദ്രനൊപ്പം ചർച്ച നടത്തിയെന്നും ബിജെപിയിലേക്കെന്നും സ്വന്തം അണികൾ തന്നെ പ്രചരിപ്പിച്ചു.

വിശ്വാസത്തെ ഇത്രത്തോളം മുറുകെപ്പിടിച്ച മറ്റൊരു കോൺഗ്രസ് നേതാവുണ്ടാകില്ല. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അമ്മയുമൊത്തായിരുന്നു പ്രയാർ ഭജനം പാർത്തിരുന്നത്. കെപിസിസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരിക്കെയാണ് പ്രയാറിൻറെ വിടവാങ്ങൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News