കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; അംഗനവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അംഗനവാടി വർക്കർ ഉഷാകുമാരിക്കും ഹെൽപ്പർ സജ്‌ന ബീവിക്കും സസ്‌പെൻഷൻ. ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി.പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

അതേസമയം കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ ഐ എ എസിനാണ് അന്വേഷണ ചുമതല.

രണ്ട് വിഷയങ്ങളെ കുറിച്ചും പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൻറെ പരിധിയിൽ വരുന്ന കായംകുളം ടൗൺ ഗവൺമെൻറ് യു.പി സ്കൂളിലെ ഏതാനും വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഇവരെ അടിയന്തിരമായി കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു .

ഈ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ 93 കുട്ടികളും 1 മുതൽ 7 വരെ 511 കുട്ടികളും പഠിക്കുന്നുണ്ട്. ജൂൺ 3 ന് ഈ കുട്ടികളിൽ ഉച്ചഭക്ഷണം കഴിച്ചവർ 593 ആണ്. സ്കൂൾ അധ്യാപകരും ഇതേ ഉച്ചഭക്ഷണം തന്നെയാണ് കഴിച്ചിട്ടുള്ളത്.

രാത്രി 9 മണിയോടെ വയറിളക്കവും ചർദ്ദിയുമായി രണ്ട് കുട്ടികൾ ചികിത്സ തേടിയതായി എസ്.എം.സി ചെയർമാൻ സ്കൂൾ പ്രഥമാധ്യാപികയെ അറിയിച്ചു. പിന്നീട് രാവിലെ 11 മണിയോടുകൂടിയാണ് 14 കുട്ടികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും ആരോഗ്യ വകുപ്പിൽ അറിയിച്ച് കാര്യകാരണങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്.

ചികിത്സ തേടിയ കുട്ടികൾക്ക് ആർക്കും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് മാത്രമേ കാരണമെന്തെന്ന് കണക്കാക്കാൻ ആകൂ.

ഉച്ചക്കട എൽ.എം.എൽ.പി. സ്കൂളിൽ 420 കുട്ടികൾ ഉള്ളതിൽ നിന്നും 375 കുട്ടികൾ അന്നേ ദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. 31 കുട്ടികൾക്ക് ചർദ്ധിയും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി 10 മണിക്ക് ശേഷം ചികിത്സ തേടിയതായി പ്രഥമാദ്ധ്യാപിക വ്യക്തമാക്കി .

സ്കൂളിൽ നിന്നും കഴിച്ചത് കൂടാതെ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികൾക്കും സ്കൂളിൽ വരാത്ത കുട്ടികൾക്കും അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ട് ഉണ്ട്. നാല് കുട്ടികൾ രണ്ടാം തീയതി രാത്രി 10 മണി മുതൽ അഡ്മിറ്റ് ആയെങ്കിലും അന്ന് രാത്രി തന്നെ ഡിസ്ചാർജ്ജ് ആയി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഫുഡ് & സേഫ്റ്റി ആഫീസർ, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ എന്നിവർ സ്കൂൾ സന്ദർശിച്ചു. ഫുഡ് & സേഫ്റ്റി ആഫീസർ സ്കൂളിൽ നിന്ന് അരി, മുളക് പൊടി എന്നിവയുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തതിനുശേഷം സ്റ്റോർ റൂം സീൽ ചെയ്തിരിക്കുകയാണ്.

5 ദിവസം സ്കൂൾ അടച്ചിടാൻ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ ആഫീസർ നിർദ്ദേശം നൽകിയതിൻറെ അടിസ്ഥാനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സ്കൂൾ 5 ദിവസം അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തും. സ്‌കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടും സ്കൂൾ അധികൃതരോടും നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News