French Open : ഫ്രഞ്ച് ഓപ്പൺ ; പുരുഷ സിംഗിൾസിൽ ഇന്ന് കിരീടപ്പോരാട്ടം

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇന്ന് കിരീടപ്പോരാട്ടം.സ്പെയിനിന്റെ ഇതിഹാസ താരം റാഫേൽ നദാലിന് എതിരാളി നോർവെയുടെ കാസ്പർ റൂഡാണ്. വൈകീട്ട് 6:30നാണ് ഫൈനൽ .

22–ാം ഗ്രാൻസ്‍ലാം കിരീടമെന്ന അത്യപൂർവ്വ നേട്ടം കൈപ്പിടിയിലൊതുക്കാൻ കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലിനു മുന്നിൽ ഒരു ജയം മാത്രം. ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പരുക്കേറ്റു പിന്മാറിയതോടെ റോളണ്ട്ഗാരോസിൽ ഫൈനൽ ബെർത്ത് ഉറപ്പാക്കിയ റാഫ തന്റെ മാനസ ഗ്രൌണ്ടിൽ പുറത്തെടുക്കുന്നത് നിത്യ ഹരിത പ്രകടനമാണ്.

നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചിനെ ബ്ലോക്ക്ബസ്റ്റർ ക്വാർട്ടർ പോരിൽ വീഴ്ത്തിയെത്തുന്ന നദാലിന് റോളണ്ട്ഗാരോസിലെ മണ്ണ് അത്രയേറെ പരിചിതമാണ്. സ്കാൻഡിനേവിയൻ എതിരാളി കാസ്പർ റൂഡിനെ തോൽപിക്കാനായാൽ സ്പാനിഷ് ഇതിഹാസത്തിനിത് പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടമാകും.

ഫൈനൽ പ്രവേശത്തിലൂടെ 36–ാം പിറന്നാൾ ആഘോഷിച്ച റാഫയ്ക്ക് ജന്മദിനം അവിസ്മരണീയമാക്കാൻ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിടണം. അതേസമയം കന്നി ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന നോർവെക്കാരൻ കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പൺ കിരീടത്തിലൂടെ ചരിത്രം രചിക്കാമെന്ന മോഹത്തിലാണ്. മാരത്തൺ മത്സരങ്ങളെ അതിജീവിച്ചെത്തിയ ക്രൊയേഷ്യക്കാരൻ മാരിൻ ചിലിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് റൂഡിന്റെ സ്വപ്ന ഫൈനൽ .

റാഫയെ റോള്‍മോഡല്‍ ആയികാണുന്ന കാസ്പർ റൂഡ് പരിശീലനം നടത്തുന്നത് സ്പെയിനിലെ റഫേല്‍ നദാല്‍ അക്കാദമിയിലാണ്.ഫോര്‍ഹാന്‍‍ഡ് ഷോട്ടുകളിലും കരുത്തുറ്റ ബാക്ഹാന്‍ഡ് ഷോട്ടുകളിലും പ്രത്യേക മികവ് തന്നെയുണ്ട് ഈ 23 കാരന്. നോർവെയുടെ മുൻ ടെന്നീസ് താരം ക്രിസ്റ്റ്യൻ റൂഡിന്റെ മകനാണ് കാസ്പർ . ഏതായാലും കിങ് റാഫയും റാഫയെ റോൾ മോഡലായി കാണുന്ന കാസ്പർ റൂഡും തമ്മിലുള്ള ഫൈനൽപ്പോരിനാണ് റോളണ്ട്ഗാരോസ് സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News