തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ളിൽ പ്രതിസന്ധി ഇരട്ടിയാക്കി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ഒരു വിഭാഗം പാര്‍ട്ടിക്കുള്ളിൽ പടയൊരുക്കമാരംഭിച്ചു. തൃക്കാക്കരയിൽ ബിജെപി വോട്ട് ചോർന്നത് സംസ്ഥാന നേതൃത്വത്തിൻറെ അറിവോടെയാണ് എന്നതാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിൻറെ നിലപാട്.
തൃക്കാക്കരയിൽ ബിജെപി ഇത്തവണ ഇറക്കിയത് സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ മുതിർന്ന നേതാവ് എ. എൻ രാധാകൃഷ്ണനെ. എന്നാൽ കഴിഞ്ഞ തവണ പ്രാദേശിക നേതാവ് മത്സരിച്ചപ്പോൾ നേടിയ വോട്ട് പോലും നേടാനായില്ല. കെട്ടിവച്ച കാശ് പോലും പോയ അവസ്ഥയിലെത്തി ബിജെപി. ഇത് വലിയ പ്രതിസന്ധിയാണ് ബിജെപിക്കുള്ളിൽ സൃഷ്ടിച്ചത്.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ഒരു വിഭാഗം ഇതിനകം പടയൊരുക്കമാരംഭിച്ചു. തൃക്കാക്കരയിൽ 2021ൽ നേടിയതിനെക്കാൾ 2022 വോട്ട് കുറഞ്ഞു. വോട്ട് ചോർച്ചയുണ്ടായത് സംസ്ഥാന നേതൃത്വത്തിൻറെ അറിവോടെയാണ്. ഇതാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിൻറെ നിലപാട്. ഇത് അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ വി.മുരളീധരനും വ്യക്തമാക്കി.
പക്ഷെ വോട്ട് ചോർന്നു എന്നത് അംഗീകരിക്കാൻ കെ.സുരേന്ദ്രൻ തയ്യാറായിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ദയനീയ പരാജയമാണുണ്ടായത്. അന്നും കെ.സുരേന്ദ്രനെ അധ്യക്ഷ പദവിയിൽ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ദേശീയ നേതൃത്വം സുരേന്ദ്രന് സമയം നീട്ടി നൽകി.
വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ സുരേന്ദ്രൻ വിരുദ്ധ പക്ഷത്ത് നിന്നും കൂടുതൽ പൊട്ടിത്തെറിയുണ്ടാകും. സുരേന്ദ്രനെതിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം മുതിർന്ന ബിജെപി നേതാക്കൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.