CIAL : പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുവഹിച്ച് സിയാൽ

പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുവഹിച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളമായ സിയാൽ ( CIAL ).നാളിതുവരെ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ് 25 കോടി യൂണിറ്റായതോടെ ഹരിതോർജ ഉത്പാദനത്തിൽ സിയാൽ ഒരു നാഴികക്കല്ല് പിന്നിടുകയാണ്.

പരിസ്ഥിതി സൗഹാർദ വികസന മാതൃകയിൽ പുതിയൊരു അധ്യായം സൃഷ്ടിക്കുകയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളമായ സിയാൽ.സിയാലിന്റെ സൗരോർജ പദ്ധതിയിൽ നിന്നുള്ള ഊർജ ഉത്പാദനം 25 കോടി പിന്നിട്ടതോടെ 1.6 ലക്ഷം മെട്രിക് ടൺ കാർബൺ പാദമുദ്രയാണ് ഒഴിവാക്കാൻ കഴിഞ്ഞത്.

2013-ൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവള ടെർമിനലിന് മുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചുകൊണ്ടാണ് സിയാൽ ഹരിതോർജ ഉത്പാദനത്തിന് തുടക്കമിട്ടത്. പരീക്ഷണം വിജയമായതോടെ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചു.

2015-ൽ സിയാൽ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പദവിയിലെത്തി. അന്ന് 13.1 മെഗാവാട്ടായിരുന്നു മൊത്തം സ്ഥാപിതശേഷി. നിലവിൽ വിമാനത്താവള പരിസരത്ത് മാത്രം സിയാലിന് 8 പ്ലാന്‍റുകളാണുളളത്. 2022 മാർച്ചിൽ പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമ്മിഷൻ ചെയ്തതോടെ മൊത്തം സ്ഥാപിത ശേഷി 50 മെഗാവാട്ടായി ഉയർന്നു.

വൈദ്യുതി ബോർഡ് കഴിഞ്ഞാൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഊർജ ഉത്പാദകരാണ് സിയാൽ, പ്രതിദിനം രണ്ടുലക്ഷം യൂണിറ്റോളം വൈദ്യുതി ഉത്പാദിപ്പിക്കുന്ന സിയാലിന് 1.6 ലക്ഷം യൂണിറ്റാണ് ഒരു ദിവസം ആവശ്യം. ഇതിനോടകം നാലുകോടി യൂണിറ്റ് അധിക വൈദ്യുതിയാണ് സിയാൽ സംസ്ഥാന ഗ്രിഡിലേയ്ക്ക് നൽകിയിട്ടുള്ളത്.

പരിസ്ഥിതി സൗഹാർദവും സുസ്ഥിരവുമായ പരമാവധി പദ്ധതികൾ നടപ്പിലാക്കുകയെന്നതാണ് സിയാലിന്റെ വികസന നയമെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്. പറഞ്ഞു. ഇതോടെ ഊർജ സ്വയംപര്യാപ്തമായ സ്ഥാപനം എന്നതിനപ്പുറം ഊർജോത്പാദകരായി മാറുകയാണ് കൊച്ചി നെടുമ്പാശ്ശേരിയിലെ സിയാൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News