കോടികളുടെ സ്വർണം കവർന്ന കേസ് ; പ്രധാന പ്രതി പിടിയിൽ

കൊല്ലം പത്തനാപുരത്ത് ധനകാര്യ സ്ഥാപനത്തിൽ പൂജ നടത്തിയ ശേഷം
കോടികളുടെ സ്വർണം കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ.പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജാണ് അറസ്റ്റിലായത്.തമിഴ്നാട് സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി പൂജ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പത്തനാപുരത്ത് ജനത ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലാണ് കവർച്ച നടന്നത്.സംഭവ ദിവസം പ്രദേശത്ത് എത്തിയ രണ്ടര ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചു. സംഭവ സമയം പ്രദേശത്തെ ടവറിനു കീഴിൽ ഉണ്ടായിരുന്ന ഒരാൾ മോഷണത്തിന് ശേഷം എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചെന്ന് വ്യക്തമായി.

പിന്നീട് ഇയാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പത്തനാപുരം പൊലീസിന്‍റെ പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ മൂന്നിടങ്ങളിൽ സ്വർണ്ണം പണയപ്പെടുത്തിയെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് പ്രതിയെ പിൻതുടര്‍ന്നു.

പൊലീസ് തന്‍റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഫൈസൽ രാജ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഇലയിൽ മദ്യം, വെറ്റില, പാക്ക് ,മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവൻറെ ചിത്രം . നിലവിളക്ക് തെളിയിച്ച് പൂജ. ഇതൊക്കെ കണ്ട പത്തനാപുരം പൊലീസ് മോഷണം നടത്തിയത് തമിഴ്നാട്ടുകാർ ആണെന്ന് ആദ്യം സംശയിച്ചു. അവരെ കേന്ദ്രീകരിച്ച്
അന്വേഷണം ആരംഭിച്ചു.

സമാന്തരമായി പ്രാദേശിക തലത്തിലും അന്വേഷണം നടത്തിയിരുന്നു.അതിനിടെയാണ് പ്രതി പിടിയിലായത്.വാഹന മോഷണ കേസിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഫൈസൽ രാജ് .അന്തർസംസ്ഥാന മോഷണസംഘം ഇയാൾക്ക് പിന്നിൽ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News