സോഹന്‍ലാലിന്റെ ‘സ്വപ്നങ്ങള്‍ പൂക്കുന്ന കാടി’ന്റെ ട്രെയിലര്‍ പുറത്ത്

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്‌കാരങ്ങള്‍ നേടി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ‘സ്വപ്നങ്ങള്‍ പൂക്കുന്ന കാട്’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും പുറത്തിറങ്ങി. ഓര്‍ക്കുക വല്ലപ്പോഴും, കഥവീട്, ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി, അപ്പുവിന്റെ സത്യാന്വേഷണം എന്നീ സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സോഹന്‍ലാലിന്റെ അഞ്ചാമത്തെ സിനിമയാണ് ‘സ്വപ്നങ്ങള്‍ പൂക്കുന്ന കാട്’.

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-നു മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്കയും വേള്‍ഡ് മലയാളി കൗണ്‍സിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും റിലീസ്‌ചെയ്തത്. ഇന്‍ഡോ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവല്‍, സ്വീഡന്‍ ഫിലിം അവാര്‍ഡ്‌സ്, ഇന്‍ഡോ തായ് ഫിലിം ഫെസ്റ്റിവല്‍, ന്യൂജേഴ്സി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇങ്ങനെ പ്രശസ്തമായ ചലച്ചിത്രമേളകളില്‍ നിറഞ്ഞ കയ്യടിയോടെയാണ് ‘സ്വപ്നങ്ങള്‍ പൂക്കുന്ന കാട്’സിനിമാസ്വാദകര്‍ വരവേറ്റത്.

ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് ചിത്രീകരിച്ച ‘ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ്’ കുട്ടികള്‍ക്കായുള്ള മൂന്നു ചിത്രങ്ങള്‍ എന്ന സോഹന്‍ലാലിന്റെ സംരംഭത്തിലെ ഒന്നാം ഭാഗം. ദക്ഷിണേന്ത്യയിലെ മികച്ച നിര്‍മാതാക്കളായ എ.വി.എ. പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മിച്ച ‘അപ്പുവിന്റെ സത്യാന്വേഷണമാണ്’ രണ്ടാം ഭാഗം. കാലികപ്രസക്തമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘സ്വപ്നങ്ങള്‍ പൂക്കുന്ന കാട്’ മലയാളത്തിലെ ആദ്യ ചില്‍ഡ്രന്‍സ് ഫിലിം ട്രിലോജിയുടെ അവസാന ഭാഗം കൂടിയാണ്. നാലു വര്‍ഷങ്ങള്‍ കൊണ്ടാണ്‌ സോഹന്‍ലാല്‍ ചില്‍ഡ്രന്‍സ് ഫിലിം ട്രിലോജി പൂര്‍ത്തിയാക്കിയത്.

ക്ലിന്റ്, ‘9’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അലോക് കൃഷ്ണയാണ് ‘സ്വപ്നങ്ങള്‍ പൂക്കുന്ന കാടിലെ’ നായകന്‍. റഷ്യന്‍ നടി സ്വറ്റ്‌ലാന ‘ഏഞ്ചല്‍ ഓഫ് ഡ്രീംസ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജോണി കുരുവിള, ജഹാന്‍ഗീര്‍ ഷംസ്, ജിമ്മി ജെ. ജോണ്‍ എന്നിവരാണ് നിര്‍മാതാക്കള്‍. രമേഷ് നാരായണന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും സംവിധായകന്‍ സോഹന്‍ലാല്‍ തന്നെയാണ്. മധുശ്രീയും രമേഷ് നാരായണനുമാണ് പാടിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel