MV Govindan: ബഡ്സ് സ്കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാന്‍ അനുമതി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ ബഡ്സ് സ്കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (MV Govindan Master) അറിയിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്സിഡി മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പെഷ്യല്‍ ടീച്ചര്‍ക്ക് 32,560 രൂപ വരെ നല്‍കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റന്‍റ് ടീച്ചര്‍മാരുടെ ഹോണറേറിയം 24,520 രൂപയായും വര്‍ധിപ്പിക്കാം. ആയമാരുടെ ഹോണറേറിയം 18,390 രൂപയായിരിക്കും.

പ്രൊഫഷണല്‍ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്പെഷ്യലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കില്‍ ബഡ്സ് സ്കൂളുകളില്‍ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.

സ്പെഷ്യല്‍ ടീച്ചറുടെ നിലവിലുള്ള ഹോണറേറിയം 30,675രൂപയും അസിസ്റ്റന്‍റ് ടീച്ചര്‍മാരുടെ ഹോണറേറിയം 23,100 രൂപയുമാണ്. ബഡ്സ് സ്കൂളുകള്‍ക്കും റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ക്കും സ്ഥലം വാങ്ങാനും കെട്ടിടം നിര്‍മ്മിക്കാനും ഉള്‍പ്പെടെ പഞ്ചായത്തുകള്‍ക്ക് പദ്ധതി തയ്യാറാക്കാം. ഇതിനായി ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

സമൂഹത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടവരെ പരിപാലിക്കുന്നവരോടൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബഡ്സ് സ്കൂളുകളുടെ പരിപാലനത്തിലും വികസനത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടണം. ഓരോ കുട്ടിയുടെയും പരിപാലനത്തിലും വളര്‍ച്ചയിലും തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു

പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ ശമ്പളം 18390 രൂപയായി വര്‍ധിപ്പിച്ചു. 2021 ഫെബ്രുവരി 1 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. പാലിയേറ്റീവ് നഴ്സുമാരെ സംബന്ധിച്ച മാര്‍ഗരേഖ കാലികമായി പുതുക്കാനും ഉചിതമായിട്ടുള്ള കാറ്റഗറി കണ്ടെത്താനും മന്ത്രി നിര്‍ദേശിച്ചു.

നിലവില്‍ പാലിയേറ്റീവ് പരിചരണ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്യൂണിറ്റി നഴ്സുമാരെയും തുടര്‍ന്നും കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു. കേരളാ പാലിയേറ്റീവ് നഴ്സസ് ഫെ‍ഡറേഷന്‍ (സിഐടിയു) മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News