ബിജെപി വക്താവിന്റെ പ്രവാചക നിന്ദ; പ്രതിഷേധവുമായി ഖത്തറും കുവൈത്തും

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയില്‍ ശക്തമായ പ്രതിഷേധവുമായി ഖത്തറും കുവൈത്തും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തുകൊണ്ടുള്ള ഖത്തറിന്റെ കുറിപ്പ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും വിദേശ മന്ത്രാലയം അറിയിച്ചു.

പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു. ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യക്ഷമാപണം നടത്തുമെന്നും അപലപിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ ശിക്ഷയില്ലാതെ തുടരാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമാണെന്നും അത് കൂടുതല്‍ മുന്‍വിധികളിലേക്കും പാര്‍ശ്വവല്‍ക്കരണങ്ങളിലേക്കും നയിച്ചേക്കാമെന്നും അത് അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഞായറാഴ്ച വൈകിട്ടാണ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജിനെ വിളിച്ചുവരുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് നടത്തിയ കുറ്റകരമായ പ്രസ്താവനകളെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യ കാര്യ അസിസ്റ്റന്റ് സെക്രട്ടറി അംബാസഡര്‍ക്ക് കൈമാറിയതായി കുവൈത്ത വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അങ്ങേയറ്റം അപലപീയമായ പ്രസ്താവനയില്‍ പരസ്യമായ ക്ഷമാപണം നടത്തണമെന്നും ഇസ്ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രവാചക നിന്ദ നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഭരണകക്ഷി പുറത്തിറക്കിയ പ്രസ്‌താവനയെ കുവൈത്ത് സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്‌താവനയില്‍ അറിയിച്ചു.

വ്യക്തികളുടെ മതവിദ്വേഷ പ്രസ്തവനകളും ട്വീറ്റുകളും ഇന്ത്യന്‍ സര്‍ക്കാറിന്റെണ കാഴ്ചപ്പാടുകളെല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ വിദേശ കാരത്യ സഹ മന്ത്രിയെ അറിയിച്ചു. ഇന്ത്യയില്‍ ചില വ്യക്തികള്‍ നടത്തിയ മത വിദ്വേഷകരമായ പരാമര്‍ശങ്ങളില്‍ ഞായറാഴ്ച വൈകിട്ട് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഖത്തര്‍ ആശങ്ക അറിയിച്ചതായും എംബസി വ്യക്തമാക്കി.

ഇന്ത്യയുടെ പൈതൃകത്തിനും നാനത്വത്തില്‍ ഏകത്വം എന്ന പാരമ്പര്യങ്ങള്ക്കുംള അനുസൃതമായി എല്ലാ മതങ്ങളെയും ഏറ്റവും ഉയര്‍ന്ന ബഹുമാനമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും വ്യക്തിത്വങ്ങളെയോ മതത്തെയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഒരു പ്രസ്താവനകളും പാടില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി യിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുയര്‍ന്ന പ്രസ്താവനകള്‍ സര്‍ക്കാറിന്റെ കാഴ്ചപ്പാടല്ലെന്നും തീവ്രചിന്താഗതിക്കാരായ ഒരു വിഭാഗത്തിന്റെ് വീക്ഷണങ്ങള്‍ മാത്രമാണിവയെന്നും എംബസി വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News