Saudi Arabia; ബിജെപി നേതാവിന്റെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധിച്ച് സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൗദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തു.

ഇന്ത്യയില്‍ ഇസ്ലാം മതത്തോടുള്ള വിദ്വേഷം വര്‍ധിച്ച് വരികയാണെന്ന് ശിരോവസ്ത്രം നിരോധിച്ച സംഭവം ഉദ്ധരിച്ച്‌കൊണ്ട് ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റാഫ് പറഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും അന്തസ്സും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ അറിയിക്കുകയും ചെയ്തു.

മുഹമ്മദ് നബിക്കെതിരായ പ്രസ്താവന; ബിജെപിക്കെതിരെ പ്രതിഷേധം ശക്തം,പ്രതിഷേധിച്ച് പാകിസ്ഥാൻ

മുഹമ്മദ് നബിക്കെതിരായ പ്രസ്താവനായിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശം കാണ്‍പൂരിൽ വലിയ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടർന്നാണ്
ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

പ്രവാചക നിന്ദയിൽ ഒമാനിലും കുവൈറ്റിലും വലിയ പ്രതിഷേധമാണുണ്ടായത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുതെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രത്യയശാസ്ത്രത്തിന് എതിരാണ് എന്ന ബിജെപി വാദം കള്ളമാണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ബി ജെ പി യുടെ ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.

എന്നാൽ ബിജെപി വക്താവ് നൂപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പരാമർശങ്ങളാണ് ഖത്തറിൻ്റേയും ഒമാൻ്റേയും പ്രതിഷേധത്തിന് വഴിവച്ചത്. പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാനായി ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ ഇന്നലെ തന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ കനത്ത പ്രതിഷേധവുമായി പാകിസ്ഥാൻ. ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്കടക്കം കടുത്ത അതൃപ്തിയുണ്ട്.

മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിക്കുകയാണ്. അതിനിടെ നബിവിരുദ്ധ പരാമർശം നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here