സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ ; റിപ്പോർട്ട് അഞ്ച് ദിവസത്തിനകം, മന്ത്രി ജി ആർ അനിൽ

സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിഷയം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

ഉച്ചഭക്ഷണ വിതരണത്തിൽ രക്ഷിതാക്കളും ഇടപെടണമെന്ന് കോഴിക്കോട് സിവിൽ സ്റ്റേഷൻ യു.പി സ്കൂളിൽ സന്ദർശനം നടത്തവേ പറഞ്ഞു. സ്കൂളുകളിൽ പഴകിയ സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം.രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.സ്കൂളുകളിലെ പാചക പുര ഉൾപ്പെടെ സന്ദർശിച്ച് മന്ത്രി മടങ്ങി.വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മിന്നൽ പരിശോധന തുടരും എന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നാല് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സാഹചര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടി. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾ സംയുക്തമായി വിദ്യാലയങ്ങളിൽ പരിശോധന നടത്തും. ആറ് മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിക്കണം എന്നാണ് നിര്‍ദ്ദേശം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ പരിശോധിക്കും. ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ലെന്നും പരിശോധനാ ഫലം കിട്ടാൻ അഞ്ച് ദിവസം വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ ശുചീകരണം നടത്തും. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സ്ഥലങ്ങളിലെ അരി പരിശോധിച്ചതിൽ പ്രാഥമികമായി പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്കൂളിലെ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണ് വൈറസ്. വയറിളക്കമുണ്ടായ കുട്ടികളുടെ മലപരിശോധനയിലാണ് സ്ഥിരീകരണം. പകർച്ചശേഷിയുള്ള മാരകമല്ലാത്ത വൈറസ് എത്തിയത് വീടുകളിൽ നിന്നാണോ സ്കൂളിൽ നിന്നാണോ എന്ന് അറിയാൻ ഭക്ഷ്യപരിശോധനാഫലം കിട്ടണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here