Kashmir: കശ്മീരിൽ പ്രതിഷേധം ശക്തം; മോദി സർക്കാർ പ്രതിരോധത്തിൽ

കശ്മീരി(kashmir)ൽ പ്രതിഷേധം ശക്തമാകുന്നതോടെ പ്രതിരോധത്തിലായി മോദി സർക്കാർ. തീവ്രവാദികൾ സാധാരണക്കാരെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതോടെ കശ്മീരി പണ്ഡിറ്റുകളടക്കം പലായനം ചെയ്യുന്നതാണ് മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ഇതോടെ പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി.

370 റദ്ദാക്കിയതിലൂടെ കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ മോദി സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയാണ് പ്രതിഷേധം കനക്കുന്നത്. പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായി ദശകങ്ങൾക്കുശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകൾ ജീവനും കൊണ്ട് രക്ഷപ്പെടുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികളും ദളിത്‌ ഹിന്ദു വിഭാഗങ്ങളും കശ്മീർ വിടാനൊരുങ്ങുകയാണ്. ജമ്മുവിലേക്ക് സ്ഥലംമാറ്റം വേണമെന്ന ജീവനക്കാരുടെ അപേക്ഷ കേന്ദ്രം ചെവിക്കൊള്ളാൻ തയ്യാറായിട്ടില്ല. 24 മണിക്കൂറിനകം സ്ഥലംമാറ്റം നൽകിയില്ലെങ്കിൽ രാജിവയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ച് നാനൂറിലേറെ ജീവനക്കാർ ലഫ്‌. ഗവർണർക്ക്‌ രാജിക്കത്ത് കൈമാറിയിരുന്നു.

കശ്‌മീർ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനും ഇവർ കത്തയച്ചിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. അതിനിടെ മോദി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. കോൺഗ്രസും എൻ.സി.പിയും ശിവസേനയും കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തി.

കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ തീർത്തും പരാജയപ്പെട്ടെന്ന് കോണ്ഗ്രസ് ആരോപിച്ചു. കശ്മീരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴും കശ്മീർ ഫയൽസ്, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ സിനിമകൾ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും വിമർശിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനമാണ് കേന്ദ്രത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News