നബിക്കെതിരായ ബിജെപി നേതാവിന്‍റെ പരാമര്‍ശം: ഒഐസിയുടെ പ്രസ്‌താവനക്കെതിരെ കേന്ദ്രം

മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച ഒഐസി (ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ) ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍.ടെലിവിഷന്‍ വാര്‍ത്താ സംവാദത്തിനിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് (Prophet Muhammed) ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ(Nupur Sharma)പരാമര്‍ശം നടത്തിയത്. ഇവരെ ബിജെപി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദില്ലി ബിജെപിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം. മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്, ആരാധനാലയങ്ങള്‍ എന്നിവ സംരക്ഷിക്കാനും ഇന്ത്യന്‍ അധികാരികള്‍ തയാറാകണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ എതിര്‍പ്പുയര്‍ത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പ്രസ്താവനയ്ക്ക് പിന്നില്‍ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.

മുന്‍പും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ബിജെപി നേതാക്കള്‍ നടത്തിയിരുന്നെങ്കിലും മറ്റ് രാജ്യങ്ങളില്‍ ഇത്ര വിവാദമായിരുന്നില്ല. ഖത്തറും, കുവൈറ്റും സൗദിയുമടക്കമുള്ള രാജ്യങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് നേതാക്കളെ പുറത്താക്കാന്‍ ബിജെപി നിര്‍ബന്ധിതരായത്.

മുഹമ്മദ് നബിക്കെതിരായ പ്രസ്താവനായിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശം കാണ്‍പൂരിൽ വലിയ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടർന്നാണ്
ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

പ്രവാചക നിന്ദയിൽ ഒമാനിലും കുവൈറ്റിലും വലിയ പ്രതിഷേധമാണുണ്ടായത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുതെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രത്യയശാസ്ത്രത്തിന് എതിരാണ് എന്ന ബിജെപി വാദം കള്ളമാണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ബി ജെ പി യുടെ ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.

എന്നാൽ ബിജെപി വക്താവ് നൂപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പരാമർശങ്ങളാണ് ഖത്തറിൻ്റേയും ഒമാൻ്റേയും പ്രതിഷേധത്തിന് വഴിവച്ചത്. പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാനായി ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ ഇന്നലെ തന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ കനത്ത പ്രതിഷേധവുമായി പാകിസ്ഥാൻ. ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്കടക്കം കടുത്ത അതൃപ്തിയുണ്ട്.

മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിക്കുകയാണ്. അതിനിടെ നബിവിരുദ്ധ പരാമർശം നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News