OIC: പ്രവാചകനിന്ദ; ഒഐസിക്കെതിരെ കേന്ദ്രസർക്കാർ

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിക്കെതിരെ കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം.

മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ അധികാരികൾ തയാറാകണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

പ്രസ്‌താവനയ്‌ക്ക്‌ പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചില വ്യക്തികളുടെ പ്രസ്‌താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.

ബിജെപി വക്താക്കളായ നുപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ നബി വിരുദ്ധ പ്രസ്‌താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്.

മുൻപും ഇത്തരത്തിലുള്ള പ്രസ്‌താവനകൾ ബിജെപി നേതാക്കൾ നടത്തിയിരുന്നെങ്കിലും മറ്റ്‌ രാജ്യങ്ങളിൽ ഇത്ര വിവാദമായിരുന്നില്ല. ഖത്തറും, കുവൈറ്റും സൗദിയുമടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചതോടെയാണ്‌ നേതാക്കളെ പുറത്താക്കാൻ ബിജെപി നിർബന്ധിതരായത്‌.

ഖത്തറും കുവൈത്തും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തുകൊണ്ടുള്ള ഖത്തറിന്റെ കുറിപ്പ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും വിദേശ മന്ത്രാലയം അറിയിച്ചു.

ലോക മുസ്ലീങ്ങളെ വേദനിപ്പിച്ച പ്രസ്താവനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യക്ഷമാപണം നടത്തുമെന്നും അപലപിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ ശിക്ഷയില്ലാതെ തുടരാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമാണെന്നും അത് കൂടുതല്‍ മുന്‍വിധികളിലേക്കും പാര്‍ശ്വവല്‍ക്കരണങ്ങളിലേക്കും നയിച്ചേക്കാമെന്നും അത് അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഞായറാഴ്ച വൈകിട്ടാണ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജിനെ വിളിച്ചുവരുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് നടത്തിയ കുറ്റകരമായ പ്രസ്താവനകളെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യ കാര്യ അസിസ്റ്റന്റ് സെക്രട്ടറി അംബാസഡര്‍ക്ക് കൈമാറിയതായി കുവൈത്ത വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അങ്ങേയറ്റം അപലപീയമായ പ്രസ്താവനയില്‍ പരസ്യമായ ക്ഷമാപണം നടത്തണമെന്നും ഇസ്ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here