Idukki: ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സംഭവം; ബൈക്ക് ഓടിച്ചവര്‍ക്കെതിരെ നടപടി

കട്ടപ്പന(Kattappana) വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിലേക്ക്(Bike accident) ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധിച്ചു. തുടര്‍ന്ന്, മത്സരയോട്ടത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇരുകക്ഷികള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കട്ടപ്പന വെള്ളയാംകുടിയില്‍ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തില്‍ പങ്കെടുത്ത മൂന്ന് ആളുകളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. അപകടത്തില്‍പ്പെട്ടതുള്‍പ്പടെ മൂന്ന് ബൈക്കുകളാണ് മത്സരയോട്ടത്തില്‍ പങ്കെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസും സ്ഥിരീകരിച്ചു.

ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്റെ ലൈസന്‍സ് താത്കാലികമായി എംവിഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മറ്റ് രണ്ടു പേര്‍ക്കെതിരെ നടപടി എടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. അപകടസ്ഥലം നേരിട്ടെത്തി പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. അപകടത്തില്‍പ്പെട്ടത് ഉള്‍പ്പെടെ മൂന്നു ബൈക്കുകളും പോലീസ് കസ്റ്റഡിയിലാണ്.

ബൈക്കുകള്‍ രൂപമാറ്റം വരുത്തിയതായും ആര്‍ടിഒയുടെ പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഉടന്‍ നല്‍കും. മത്സരയോട്ടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

അമിതവേഗതയിലെത്തിയ ബൈക്ക് കുതിച്ചുപൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ പതിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കട്ടപ്പന വലിയ കണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് വണ്ടിയോടിച്ചിരുന്നത്. ഇയാള്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ഹംപ് പോലെയുള്ള എന്തോ തടസ്സത്തില്‍ത്തട്ടി മറിഞ്ഞ് ഉയര്‍ന്ന് പൊങ്ങി ബൈക്കിലിരുന്ന വിഷ്ണുപ്രസാദ് ഒരു വശത്തേക്ക് പറന്ന് വീഴുന്നതും ബൈക്ക് ട്രാന്‍സ്‌ഫോമറിനുള്ളിലേക്ക് വീഴുന്നതും കാണാമായിരുന്നു. ആളുകള്‍ ദൃശ്യം കണ്ട് ഇവിടേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News