പ്രവാചക നിന്ദ ; ദില്ലി പൊലീസ് കമ്മീഷണർക്ക് കത്തയച്ച് സിപിഐഎം

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം.നുപുർ ശർമയേയും, നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണർക്ക് സിപിഐഎം കത്തയച്ചു.വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുളള പ്രസ്താവനയെന്ന് സിപിഐഎം വ്യക്തമാക്കി.

അതേസമയം പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിക്കെതിരെ കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം.മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ അധികാരികൾ തയാറാകണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

പ്രസ്‌താവനയ്‌ക്ക്‌ പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചില വ്യക്തികളുടെ പ്രസ്‌താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.
ബിജെപി വക്താക്കളായ നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവർ നടത്തിയ നബി വിരുദ്ധ പ്രസ്‌താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയത്.

മുൻപും ഇത്തരത്തിലുള്ള പ്രസ്‌താവനകൾ ബിജെപി നേതാക്കൾ നടത്തിയിരുന്നെങ്കിലും മറ്റ്‌ രാജ്യങ്ങളിൽ ഇത്ര വിവാദമായിരുന്നില്ല.ഖത്തറും, കുവൈറ്റും സൗദിയുമടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചതോടെയാണ്‌ നേതാക്കളെ പുറത്താക്കാൻ ബിജെപി നിർബന്ധിതരായത്‌.

ഖത്തറും കുവൈത്തും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തർ സന്ദർശനവേളയിലാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

പ്രവാചകനെ നിന്ദിക്കുന്ന തരത്തിൽ ഭരണകക്ഷിയായ ബിജെപി വക്താക്കൾ നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തുകൊണ്ടുള്ള ഖത്തറിന്റെ കുറിപ്പ് ഇന്ത്യൻ അംബാസഡർക്ക് കൈമാറിയതായും വിദേശ മന്ത്രാലയം അറിയിച്ചു.
ലോക മുസ്ലീങ്ങളെ വേദനിപ്പിച്ച പ്രസ്താവനയിൽ ഇന്ത്യൻ സർക്കാർ പരസ്യക്ഷമാപണം നടത്തുമെന്നും അപലപിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ ശിക്ഷയില്ലാതെ തുടരാൻ അനുവദിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമാണെന്നും അത് കൂടുതൽ മുൻവിധികളിലേക്കും പാർശ്വവൽക്കരണങ്ങളിലേക്കും നയിച്ചേക്കാമെന്നും അത് അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഞായറാഴ്ച വൈകിട്ടാണ് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജിനെ വിളിച്ചുവരുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് നടത്തിയ കുറ്റകരമായ പ്രസ്താവനകളെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യ കാര്യ അസിസ്റ്റന്റ് സെക്രട്ടറി അംബാസഡർക്ക് കൈമാറിയതായി കുവൈത്ത വാർത്താ ഏജൻസി അറിയിച്ചു.അങ്ങേയറ്റം അപലപീയമായ പ്രസ്താവനയിൽ പരസ്യമായ ക്ഷമാപണം നടത്തണമെന്നും ഇസ്ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാർശങ്ങൾ നടത്തുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതിൽ ഇസ്‌ലാം വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News