ADVERTISEMENT
കെഎസ്ആർടിസിക്ക്(KSRTC) ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ തുക അനുവദിച്ചത്.കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.
അതേസമയം, കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം.
കെഎസ്ആർടിസിയിലെ ശമ്പള വിഷയത്തിൽ സർക്കാർ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ധനവകുപ്പ് തുക അനുവദിക്കുന്നതു അനുസരിച്ച് ശമ്പളം നൽകും. ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റ് ശ്രമം തുടരുന്നു എന്നും വരുമാനം നഷ്ടപ്പെടുത്തിക്കൊണ്ട് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്കരുതെന്നും ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു.
മേയ് മാസത്തിൽ 193 കോടി രൂപയോളം ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം നൽകാൻ പണമില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞതവണ പ്രതിസന്ധി രൂക്ഷമായപ്പോൾ ശമ്പളം നൽകാൻ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്ക്ക് പണമടച്ചുകഴിഞ്ഞാൽ പിന്നെ KSRTC യുടെ കൈയിൽ പണമില്ല .
46 കോടി ഓവർഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്ക്കേണ്ടിവന്നു.എണ്ണക്കമ്പനികളാകട്ടെ കെഎസ്ആർടിസിക്ക് കൂടുതൽ കടം നൽകുന്നതുമില്ല. അടിയന്തര ധനസഹായമായി 65 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.