പമ്പയാറിൽ സീതയെന്ന പിടിയാനയുടെ നീരാട്ട് നീണ്ടു നിന്നത് ആറു മണിക്കൂർ. പത്തനംതിട്ട ആയിരൂരിലെ കാട്ടൂർ കടവിൽ കുളിപ്പിക്കാനിറക്കിയ ആന ഇടഞ്ഞ് മണിക്കൂറോളമാണ് ആകാംക്ഷയും പരിഭ്രാന്തിയും സൃഷ്ടിച്ചത്. വനപാലക സംഘം അടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ഒടുവിൽ ആന തിരികെ കരയിലേക്ക് കയറുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. സീത എന്ന പിടിയാനയെ കുളിപ്പിക്കാനായാണ് പാപ്പാന്മാർ അയിരൂരിന് സമീപമുള്ള പമ്പയാറ്റിൻ കടവിൽ എത്തിച്ചത്. പിന്നെ കണ്ടത് നല്ല ഒന്നാന്തരം നീരാട്ട്.
ആദ്യമൊന്നും കാര്യമാക്കാതിരുന്ന പാപ്പാൻമാർക്ക് മണിക്കൂറുകൾ നീണ്ടു നിന്നപ്പോഴാണ് സംഗതി പിടി കിട്ടിയത്. അപ്പോഴേക്കും ആന ആറിൻ്റെ മധ്യഭാഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. പിന്നെ കുറുമ്പും കുസൃതിയുമായി മുങ്ങിക്കുളി തകൃതിയാക്കി. ഇതിനിടെ ശ്രദ്ധ തിരിച്ച ശേഷം കബളിപ്പിച്ച് പുറത്തേക്ക് കയറിയ ഒന്നാം പാപ്പാനെ തുമ്പിക്കൈയിലെടുത്ത് വെള്ളത്തിലേക്കെറിയുകയും ചെയ്തു.
പഴക്കുല കാട്ടി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഫലം കാണാതെ പോയി. ഇടയ്ക്കിടെ അനുസരണ മട്ടിൽ കരയിൽ കയറാൻ കൂട്ടാക്കിയെങ്കിലും സീതയുടെ കുറുമ്പ് പിന്നേയും നിണ്ടു പോയി. ഒടുവിൽ വൈകിട്ട് ആറുമണിയോടെ നീരാട്ടു പൂർത്തിയാക്കി യാതൊരു പ്രകോപന കൂടാതെ തനിയെ കടവിലേക്ക് തിരിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്തതാണ്.അതേ സമയം തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രിയുടെ പരിധിയിൽ പ്രതിമാസ നിരീക്ഷണത്തിൽ കഴിയവേയാണ് ആനയെ പത്തനംതിട്ടയിലെത്തിച്ചതെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.