Pinarayi Vijayan : പ്രവാചക നിന്ദ ; രാജ്യത്തെ സംഘപരിവാര്‍ നാണംകെടുത്തിയെന്ന് മുഖ്യമന്ത്രി

ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ.

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിൻ്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിൻ്റേയും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണ്.

മറ്റൊരു മതസ്ഥൻ്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. നമ്മുടെ നാടിൻ്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. അതിലുപരിയായി വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണം. നാടിൻ്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News