Kuwait : പ്രവാചകനെതിരായ പരാമര്‍ശം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍

പ്രവാചകന്‍ മുഹമ്മദ് നബിയെ ബിജെപി നേതാവ് നിന്ദിച്ച സംഭവത്തില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്ന് നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചു.

അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറില്‍ നിന്നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചത്. ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്‌കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നീക്കം ചെയ്തു’ എന്ന് അറബിയില്‍ രേഖപ്പെടുത്തിയ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയില്‍ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസര്‍ അല്‍ മുതൈരി അറിയിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ നിന്നെടുത്ത് ട്രോളികളില്‍ കൂട്ടിയിട്ടു. അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്ന അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടിയിട്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്രവാചകനെ നിന്ദിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിരോധത്തിലായി കേന്ദ്ര സർക്കാരും ബിജെപിയും. ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനും വിമർശനവുമായി രംഗത്തെത്തി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ മുസ്ളീം വിഭാഗങ്ങൾക്ക് നേരെ കടന്നാക്രമണമെന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കോർപ്പറേഷൻറെ പ്രസ്താവനയും കേന്ദ്രം തള്ളി. ബിജെപിയുടെ മതഭ്രാന്ത് രാജ്യത്തെ ഒറ്റപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

അന്താരാഷ്ട്ര സമൂഹത്തിനിടയിൽ രാജ്യത്തിന് വലിയ നാണക്കേടായി പ്രവാചകനെ അവഹേളിച്ച ബിജെപി നേതാക്കളുടെ പ്രസ്താവന . ഖത്തര്‍, കുവൈറ്റ്, ഒമാൻ രാഷ്ട്രങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനും ഇന്ത്യയെ വിമർശിച്ച് രംഗത്തെത്തി. ചില വ്യക്തികളുടെ അഭിപ്രായങ്ങൾ രാജ്യത്തിൻറെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എല്ലാ മതങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിൽ മുസ്ളീം വിഭാഗങ്ങൾക്ക് നേരെ കടന്നാക്രമണമാണെന്നും വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഓർഗനേസേഷൻ ഓഫ് ഇസ്ളാമിക് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു.

ഒ.ഐ.സിയുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതെന്നും വസ്തുതാ വിരുദ്ധമായ ആരോപണമാണ് ഇതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യ ആഭ്യന്തരമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയുടെ മതഭ്രാന്ത് മൂലം രാജ്യാന്തര തലത്തിൽ ഇന്ത്യ ഒറ്റപ്പെടുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് ബിജെപി വഴിയൊരുക്കുകയാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.ബിജെപിക്കെതിരായ പോരാട്ടത്തിൽ മതേതര പാർട്ടികൾ ഒന്നിക്കണമെന്നും ലാലു ആവശ്യപ്പെട്ടു.
പ്രവാചകനെ അവഹേളിച്ച പ്രസ്താവനക്ക് നൂപുർ ശർമ്മക്കെതിരെയും നവീൻ കുമാർ ജിൻഡാലിനെതിരെയും ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിനെ വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ഇന്ന് രംഗത്തെത്തി.

ഖത്തറിന് മുന്നിൽ കേന്ദ്ര സര്‍ക്കാരിൻറെ തലതാഴ്ത്തലാണെന്ന വിമർശനമാണ് സുബ്രഹ്മണ്യം സ്വാമി ഉയർത്തിയത്. ആദ്യം ചൈനക്ക് മുന്നിൽ, പിന്നീട് റഷ്യക്ക് മുന്നിൽ, അമേരിക്കക്ക് മുന്നിൽ ഇപ്പോൾ ഖത്തറിന് മുന്നിൽ ഇന്ത്യ കീഴടങ്ങി എന്ന് സുബ്രഹ്മണ്യം സ്വാമി വിമർശിച്ചു.

കേന്ദ്ര സർക്കാർ നടപടികളിൽ ബിജെപിക്കുള്ളിൽ വലിയൊരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന സൂചനകളും ഇതോടെ പുറത്തുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News