കെ.കെയെ മരണത്തിലേക്ക് നയിച്ചത് ഹൈപ്പോക്‌സിയ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഗായകൻ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത് ഹൃദയത്തിനുണ്ടായ തകരാറും ഹൈപ്പോക്‌സിയയുമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഒരു പരിപാടിക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു കെ.കെ. അതുകൊണ്ട് തന്നെ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘാടകർക്കെതിരെ നിരവധി ആരോപണങ്ങൾ പുറത്ത് വന്നിരുന്നു. ഓഡിറ്റോറിയത്തിലെ സൗകര്യങ്ങളുടെ അപാകതയും മറ്റും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും ചർച്ചയാകുന്നത്.

പരിപാടിക്കിടെ തന്നെ കെകെയ്ക്ക് കൈ വേദന അനുഭവപ്പെട്ടിരുന്നു. ഒപ്പം നല്ല ക്ഷീണവും അമിതമായി വിയർക്കുകയും ചെയ്തിരുന്നു. കെകെയെ മരണത്തിലേക്ക് നയിച്ചത് ഹൈപ്പോക്‌സിയയാണെന്ന് പോസ്റ്റുമോർട്ടത്തിൽ പറയുന്നു. ഒപ്പം സബരക്‌നോയ്ഡ് ഹെമറേജ് കാരണമുണ്ടാകുന്ന അക്യൂട്ട് കാർഡിയോജെനിക് പൾമണറി അഡീമയും മരണകാരണമായി.

ടിഷ്യുകളിലെ ഓക്‌സിജന്റെ കുറവ് മൂലം സമസ്ഥാപനം ( ഹോമിയോസ്‌റ്റേസിസ്) നിലനിർത്താൻ പറ്റാത്ത അവസ്ഥയാണ് ഹൈപ്പോക്‌സിയ. രക്തത്തിൽ ഓക്‌സിജൻ കുറയുന്നത് മൂലവും ഇങ്ങനെ സംഭവിക്കാം.

തലവേദന, ശ്വാസതടസം, ഹൃദയമിടിപ്പ് കൂടുക, ചുമ, ആശയക്കുഴപ്പം, നഖങ്ങൾ, ചുണ്ട് എന്നിവ നീലിക്കുക എന്നിവയാണ് ലക്ഷ്ണങ്ങൾ.

വിദഗ്ധർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കെകെയുടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാതെ വരികയും ഇതോടെ ഹൃദയത്തിലെ സമ്മർദം കൂടുകയും ചെയ്യുകയായിരുന്നു. ഒപ്പം കെ.കെയുടെ ഹൃദയത്തിന് ചുറ്റും എപ്പികാർഡിയൽ ഫാറ്റുണ്ടായിരുന്നു. ഇതും റിസ്‌ക് വർധിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel