ബിജെപി നേതാവ് നുപുർ ശർമ(nupur sharma)യുടെ പ്രവാചകനിന്ദയിൽ ഇന്ത്യ ഒറ്റപ്പെടുമ്പോൾ പ്രതിക്കൂട്ടിലേക്ക് കയറേണ്ട ഒരുപാട് പേരുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി(JOHN BRITTAS MP). ഇത്തരം വർഗീയ വേലിയേറ്റങ്ങൾക്ക് വേദിയൊരുക്കുന്ന മാധ്യമങ്ങളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രവാചക നിന്ദയിൽ ഇന്ത്യ(india) ഒറ്റപ്പെടുകയാണ്.
അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടു ജനാധിപത്യത്തെയും ബഹുസ്വരതയും തുരങ്കം വയ്ക്കുന്ന വിഷയങ്ങൾ ഓരോ ദിവസവും കണ്ടെത്തി മുൻപോട്ടു പോവുക എന്നതാണ് കേന്ദ്ര ഭരണകക്ഷിയുടെ നയമെന്നും അദ്ദേഹം പ്രതികരിച്ചു.
ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്
തീവ്രവാദവും
വർഗീയതയുമൊക്കെ വെള്ളത്തിൽ വീശുന്ന
വാള് പോലെയാണ്.
വാൾ പ്രയോഗം നടത്തുന്നവർക്കും ക്ഷതമേൽക്കും.
ബിജെപി വക്താവിന്റെ പ്രവാചക നിന്ദയ്ക്ക് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുന്നു. സംഭവിക്കുന്നത് ഇതുതന്നെയാണ്.
ജനാധിപത്യത്തെയും ബഹുസ്വരതയെയും തുരങ്കം വയ്ക്കുന്ന വിഷയങ്ങൾ ഓരോ ദിവസവും കണ്ടെത്തി മുൻപോട്ടു പോവുക എന്നതാണ് കേന്ദ്ര ഭരണകക്ഷിയുടെ നയം. വർഗീയ ധ്രുവീകരണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ.
ഹിജാബ്, ഹലാൽ , അസാൻ, ഗ്യാൻവാപി, താജ്മഹൽ, കുത്തബ്മിനാർ……….അങ്ങനെ എണ്ണമറ്റ വിഷയങ്ങളാണ് കഴിഞ്ഞകാലത്ത് ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയും പട്ടിണിയും പരിഹാരം കാണാനല്ല രാജ്യത്തിൻറെ ഭരണം ഊർജ്ജം ചിലവഴിക്കുന്നത്.
വാരണസിയിലെ ഗ്യാൻവാപി പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിൻറെ അടിത്തറ തോണ്ടി മുഗളന്മാരോട് പ്രതികാരം ചെയ്യുക എന്ന അസംബന്ധ നാടകമാണ് പ്രവാചകനിന്ദയിലേക്ക് എത്തിച്ചത്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള ആരാധനാലയങ്ങളുടെ സ്ഥിതി എന്തായിരുന്നുവോ അത് സംരക്ഷിക്കപ്പെടണമെന്ന് 1991 ൽ നിയമം മൂലം ഇന്ത്യ അനുശാസിച്ചിരിക്കുന്നു.
അതിൻറെ നഗ്നമായ ലംഘനമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ന് നുപുർ ശർമയുടെ പ്രവാചകനിന്ദയിൽ ഇന്ത്യ ഒറ്റപ്പെടുമ്പോൾ പ്രതിക്കൂട്ടിലേക്ക് കയറേണ്ട ഒരുപാട് പേരുണ്ട്. ഇത്തരം വർഗീയ വേലിയേറ്റങ്ങൾക്ക് വേദിയൊരുക്കുന്ന മാധ്യമങ്ങളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പാടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.