Thrikkakkara: തൃക്കാക്കരയും മാധ്യമ കൽപ്പനകളിലെ ദുർമ്മേദസും: ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യൻ രാഷ്ട്രീയത്തെ കോർത്തിണക്കുന്ന സമാനതകളിൽ ഏറ്റവും പ്രബലമായ ചാലാണ് സഹതാപത്തിന്റെ രാഷ്ട്രീയമെന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas mp).

ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിൽ അത്യപൂർവ്വമായിട്ടു മാത്രമേ ഒരു സഹതാപ സ്ഥാനാർത്ഥി പരാജയപ്പെട്ടിട്ടുള്ളൂവെന്നും അന്തരിച്ച ജനപ്രതിനിധിയുടെ വിധവ അതേ തട്ടകത്തിൽ രംഗത്തിറങ്ങിയ ഒരവസരത്തിൽപ്പോലും പരാജയം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ജോൺ ബ്രിട്ടാസ് എംപിയുടെ ലേഖനം

വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻരാഷ്ട്രീയത്തെ കോർത്തിണക്കുന്ന സമാനതകളിൽ ഏറ്റവും പ്രബലമായ ചാലാണ് സഹതാപത്തിന്റെ രാഷ്ട്രീയം. ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിൽ അത്യപൂർവ്വമായിട്ടു മാത്രമേ ഒരു സഹതാപ സ്ഥാനാർത്ഥി പരാജയപ്പെട്ടിട്ടുള്ളൂ. അന്തരിച്ച ജനപ്രതിനിധിയുടെ വിധവ അതേ തട്ടകത്തിൽ രംഗത്തിറങ്ങിയ ഒരവസരത്തിൽപ്പോലും പരാജയം സംഭവിച്ചിട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മലക്കംമറിച്ചിലുകൾക്ക് എന്നും നിദാനമായിട്ടുള്ളത് സഹതാപത്തിന്റെയും വികാരത്തിന്റെയും വേലിയേറ്റമാണ്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഞാൻ ആദ്യം കണ്ട സഭ ഒമ്പതാം ലോകസഭയാണ്.

വിസ്തൃതമായ ലോകസഭയുടെ വിതാനത്തിൽ ഒരു മൂലയിലേക്കൊതുക്കപ്പെട്ട പ്രതിപക്ഷ ബെഞ്ചുകളിലാണ് ആദ്യം എന്റെ കണ്ണുടക്കിയത്. സ്പീക്കറുടെ വലതുനിന്ന് ആരംഭിക്കുന്ന നിരകളിലെല്ലാം കോൺഗ്രസ് അംഗങ്ങളുടെ തിരയിളക്കം. പ്രധാനമന്ത്രി രാജീവ് ഗാന്ധി ലോകസഭയിലേക്കു കാലടുത്തു വയ്ക്കുന്നത് ചക്രവർത്തിയുടെ ഭാവഹാവാദികളോടെയാണ്. അദ്ദേഹത്തിന്റെ പാദസ്പർശശബ്ദം കേൾക്കുമ്പോൾത്തന്നെ കോൺഗ്രസ് അംഗങ്ങൾ ഡെസ്കിലടിച്ച് ശബ്ദഘോഷം സൃഷ്ടിക്കും.

മുത്തച്ഛനായ ജവഹർലാൽ നെഹ്റുവിനെപ്പോലും കടത്തിവെട്ടി ലോകസഭയിൽ നാലിൽ മൂന്നു ഭൂരിപക്ഷം നേടാൻ രാജീവ് ഗാന്ധിക്കു തുണയായത് ഇന്ദിരാഗാന്ധിയുടെ ജീവനാണ്. 1984 ഡിസംബർ അവസാന വാരം നടന്ന പൊതുതെരഞ്ഞെടുപ്പിൽ 543 സീറ്റുകളിൽ 415 എണ്ണം നേടിയാണ് രാജീവ് ഗാന്ധി ചരിത്രത്തിൽ ഇടം നേടിയത്. ഇന്നത്തെ ഭരണകക്ഷിയായ ബിജെപി രണ്ടംഗങ്ങളുടെ സമ്പൂർണ്ണ ഏകാന്തതയിലായിരുന്നു എന്നത് മറ്റൊരു കാര്യം.

സിഖ് ന്യൂനപക്ഷ വിരുദ്ധവികാരം കാരണം ആർഎസ്എസിന്റെ പിന്തുണ കോൺഗ്രസിന് അന്ന് ലഭിച്ചിരുന്നുവെന്ന് ഗാന്ധികുടുംബവുമായി ചേർന്ന് നിൽക്കുന്ന മാധ്യമപ്രവർത്തകൻ റഷീദ് കിഡ്വായിയുടെ “ബാലറ്റ് – ടെൻ എപ്പിസോഡ്സ് ദാറ്റ് ഹാവ് ഷേപ്പ്ഡ് ഇന്ത്യ” എന്ന പുസ്തകത്തിൽ അടിവരയിട്ട് പറയുന്നുണ്ട്.

ആർഎസ്എസ് നേതാക്കളായിരുന്ന നാനാജി ദേശ്മുഖിനേയും കെ.എസ്.സുദർശനേയും ഉദ്ധരിച്ചു കൊണ്ടാണ് കോൺഗ്രസിനുണ്ടായിരുന്ന സംഘ്പരിവാർ പിന്തുണയെ കുറിച്ച് കിഡ്വായി പുസ്തകത്തിൽ സമർത്ഥിക്കുന്നത്. പ്രബുദ്ധമെന്നു നമ്മൾ കരുതുന്ന കേരളത്തിലും സമാനമായ സഹതാപ വേലിയേറ്റമാണ് സൃഷ്ടിക്കപ്പെട്ടത്.

20 ലോകസഭാ സീറ്റിൽ മൂന്നെണ്ണം കൊണ്ട് ഇടതുപക്ഷത്തിനു തൃപ്തിപ്പെടേണ്ടിവന്നു. സിപിഐ(എം)നു ലഭിച്ചതാകട്ടെ ഒരൊറ്റ സീറ്റു മാത്രം – കോട്ടയം. ചരിത്രം ഭാഗികമായെങ്കിലും 1991-ൽ ആവർത്തിച്ചു. ചന്ദ്രശേഖർ ഗവണ്മെന്റ് നിലംപൊത്തിയ ശേഷം ആ വർഷം മേയ് 20, ജൂൺ 12, ജൂൺ 15 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഒന്നാം ഘട്ട പോളിംഗ് പൂർത്തിയായതിന്റെ പിറ്റേന്നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയായിരുന്നു ഒന്നാം ഘട്ടത്തിൽ കോൺഗ്രസ്സിനുണ്ടായതെന്ന് തെരഞ്ഞെടുപ്പുഫല വിശകലനം സ്ഥിരീകരിക്കുന്നു.

വി.പി.സിംഗിൽ നിന്ന് പരാജയം രുചിച്ച 1989-ലെ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ്സിൽ നിന്ന് മറുപക്ഷത്തേക്കു 5.7 ശതമാനം വോട്ടാണ് ഒന്നാംഘട്ടത്തിൽ തെന്നിമാറിയത്. എന്നാൽ, രാജീവിന്റെ കൊലപാതകം സൃഷ്ടിച്ച സഹതാപം വോട്ടിംഗ് രീതിയെ പെൻഡുലംപോലെ ചലിപ്പിച്ചു. രണ്ടും മൂന്നും ഘട്ടത്തിൽ 13 ശതമാനം കണ്ട് ആനുകൂല്യമാണ് കോൺഗ്രസ് നേടിയത്.

രാജീവ് വധമെന്ന ഒരൊറ്റ ഘടകമാണ്, ഭൂരിപക്ഷമില്ലെങ്കിലും, 232 അംഗങ്ങൾ ലോകസഭയിൽ ലഭിക്കാനും ന്യൂനപക്ഷസർക്കാർ രൂപീകരിക്കാനും കോൺഗ്രസ്സിനെ സഹായിച്ചത്. രാജീവിന്റെ ചിതാഭസ്മവുമായുള്ള കെ.കരുണാകരന്റെ പ്രയാണത്തിൽ ഏറ്റവും കൂടുതൽ തിക്താനുഭവങ്ങൾ പേറേണ്ടിവന്നത് കേരളത്തിലെ ഇടതുപക്ഷത്തിനാണ്.

ലോകസഭയിൽ 20-ൽ 16-ഉം യുഡിഎഫിന് അടിയറവച്ചു എന്നു മാത്രമല്ല, 14 ജില്ലാ കൗൺസിലുകളിൽ 13 എണ്ണവും വിജയിച്ചതിന്റെ തിളക്കത്തിൽ സംസ്ഥാനത്ത് തുടർഭരണത്തിലേക്കു കാലെടുത്തുവയ്ക്കാൻ തയ്യാറായി നിന്നിരുന്ന ഇടതുപക്ഷം നിയമസഭാ അങ്കത്തട്ടിലും ഇടറിവീണു.
ഏഷ്യാനെറ്റിന്റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ ശശികുമാർ കഴിഞ്ഞ ദിവസം ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്:

“കേരളത്തിൽ നടന്ന ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പ് തൃക്കാക്കരയിലാണെന്ന ധാരണയാണ് നമ്മുടെ മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്.” പാതി തമാശയാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വസ്തുതകളുടെ ഇഴതയടുപ്പമുണ്ട്. ഒരു പൊതുതെരഞ്ഞെടുപ്പിലെ ജനവിധിക്കു നല്കുന്നതിനേക്കാൾ എയർടൈമും അച്ചടിമഷിയുമാണ് തൃക്കാക്കരയ്ക്കുവേണ്ടി ബഹുഭൂരിപക്ഷം മാധ്യമങ്ങളും വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ ചരിത്രം സൃഷ്ടിച്ച 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടാൻ കഴികഞ്ഞതിലും 2,244 വോട്ടുകൾ സഹതാപതരംഗത്തിലും ഇടതുപക്ഷത്തിന് കൂടുതലായി നേടാൻ കഴിണഞ്ഞു എന്ന വസ്തുത തമസ്കരിച്ചുകൊണ്ടുള്ള വിലയിരുത്തലുകളാണ് നടക്കുന്നത്.
തൃക്കാക്കരയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലമാണ് ഒറീസയിലെ ബ്രജ് രാജ് നഗർ. ബിജു ജനതാ ദളിന്റെ കിഷോർ കുമാർ 2019-ൽ 11,634 വോട്ടിന് ബിജെപിയെ തോല്പിച്ച മണ്ഡലം.

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിധവയായ അൽക മഹന്തിയാണ് ബിജെഡിയുടെ സ്ഥാനാർത്ഥിയായി എത്തിയത്. 65,000 വോട്ടിന്റെ ഭൂരിപക്ഷമാണ് അൽകയ്ക്ക് അവിടെ ലഭിച്ചത്. തന്റെ ഭർത്താവു നേടിയ ഭൂരിപക്ഷം ആറിരട്ടിയായി അൽക വർദ്ധിപ്പിച്ചപ്പോൾ ഒറീസയിലെ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 61.25 ശതമാനവും 91,799 വോട്ടും അൽകയ്ക്കു ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുവന്ന കോൺഗ്രസ്സിന്റെ കിഷോർ ചന്ദ്രയ്ക്കു ലഭിച്ചത് കേവലം 21,791 വോട്ടാണ്.
കേരളത്തിലെ സഹതാപ സ്ഥാനാർത്ഥികളുടെ ചരിത്രം പറയുന്നതും സമാനമായ കഥകൾ തന്നെയാണ്. സ്വന്തമായ രാഷ്ട്രീയാസ്തിത്വം ആർജിക്കാതെ മറ്റൊരാളുടെ പിൻഗാമിയായി വരുമ്പോ‍ഴാണ് സഹതാപത്തിന്റെ തോതു വർധിക്കുന്നതെന്നാണ് രാഷ്ട്രീയമീമാംസകരുടെ കണ്ടെത്തൽ.

ജി.കാർത്തികേയന്റെ ദേഹവിയോഗത്തിനുശേഷം 2015-ൽ അദ്ദേഹത്തിന്റെ മകൻ കെ.എസ്.ശബരീനാഥൻ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അരുവിക്കര മണ്ഡലം കോൺഗ്രസ്സിനുവേണ്ടി നിലനിർത്തി. കാർത്തികേയൻ നേടിയ ഭൂരിപക്ഷം മാത്രമാണല്ലോ ശബരീനാഥനും ലഭിച്ചതെന്ന ചോദ്യം ഇവിടെ ഉയർന്നേക്കാം. 2011-ൽ 10,674 വോട്ടിന്റെ ഭൂരിപക്ഷമാണ് കാർത്തികേയന് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂക്ഷ്മതകളിലേക്കു കടക്കുമ്പോൾ ഈ ചോദ്യം അപ്രസക്തമാകും. കേരളരാഷ്ട്രീയത്തിൽ ബിജെപി സംഭാവന നല്കിയ വിശ്വാസ്യതയുള്ള അപൂർവ്വം നേതാക്കളിലൊരാളാണ് ഒ രാജഗോപാൽ.

സംഘ് പരിവാറിന്റെ സങ്കുചിതവൃത്തത്തിനപ്പുറത്തേക്ക് സൗഹൃദത്തിന്റെ ചാലുകൾ തീർത്തതുകൊണ്ടാണ് ഒ.രാജഗോപാൽ വ്യത്യസ്തനായത്. സാമാജികനായ രാജഗോപാൽ പലപ്പോഴും ബിജെപി നേതൃത്വത്തിന് അനഭിമതനായതും ഈ വ്യത്യസ്തത കാരണമാണ്. അന്ന് ബിജെപി അരുവിക്കരയിലിറക്കിയ തുറുപ്പുചീട്ടായിരുന്നു ഒ രാജഗോപാൽ. 2011-ൽ 7,694 വോട്ടാണ് ബിജെപി പിടിച്ചിരുന്നതെങ്കിൽ 2015-ൽ രാജഗോപാലിലൂടെ അത് 34,145 വോട്ടായി ഉയർത്താൻ ബിജെപിക്കു കഴി ഞ്ഞു.

ചുരുക്കിപ്പറഞ്ഞാൽ, രാജഗോപാലില്ലായിരുന്നെങ്കിൽ ശബരീനാഥന്റെ ഭൂരിപക്ഷം 30,000 കടന്നേനെ.
പിറവം അടിവരയിട്ടതും സഹതാപത്തിന്റെ മുറ തെറ്റാത്ത കണക്കിനാണ്. ടി.എം.ജേക്കബിന് 2011-ൽ ലഭിച്ചത് കേവലം 157 വോട്ടിന്റെ ഭൂരിപക്ഷമാണ്. സഹതാപ സ്ഥാനാർത്ഥിയായെത്തിയ അനൂപ് ജേക്കബ്ബിന് 2012-ൽ ലഭിച്ചത് 12,071 വോട്ടിന്റെ ഭൂരിപക്ഷം. അനൂപിന് 52.81 ശതമാനം വോട്ടു ലഭിച്ചു എന്നതും ശ്രദ്ധേയം.

സഹതാപത്തിന് ഒരു പ്രത്യേകതയുണ്ട്. അത് അക്ഷരാർത്ഥത്തിൽ വേലിയേറ്റമാണ്. കയറ്റം കഴി്ഞ്ഞാൽ ഇറങ്ങും. ഇന്ത്യൻ രാഷ്ട്രീയം സംശയലേശമെന്യെ എടുത്തുകാട്ടുന്നത് ഈ പ്രകൃതിനിയമത്തിന്റെ അനിഷേധ്യ ഏടാണ്. ഇന്ത്യയിലെ കോൺഗ്രസ്സുകാർക്ക് മറക്കാൻ കഴിയയാത്ത രണ്ടു വ്യക്തിത്വങ്ങളാണ് മാധവ് റാവു സിന്ധ്യയും രാജേഷ് പൈലറ്റും.

രണ്ടു പേരും രാഷ്ട്രീയനേട്ടങ്ങളുടെ കൊടുമുടിയിൽ നില്ക്കുമ്പോൾ അപകടത്തിൽ അകാലചരമം പ്രാപിച്ചവർ. സിന്ധ്യാ കുടുംബത്തിന്റെ തട്ടകമായ മധ്യപ്രദേശിലെ ഗുണ ലോകസഭാ മണ്ഡലത്തിൽ 1999-ൽ മാധവറാവു സിന്ധ്യ മൽസരിച്ചപ്പോൾ 2.29 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. സിന്ധ്യയുടെ വേർപാടിനുശേഷം സഹതാപ സ്ഥാനാർത്ഥിയായി 2002-ൽ പുത്രൻ ജ്യോതിരാദിത്യ സിന്ധ്യ മൽസരിച്ചപ്പോൾ ഭൂരിപക്ഷം നാലു ലക്ഷം കവിഞ്ഞു.

ജ്യോതിരാദിത്യയ്ക്ക് 74.28 ശതമാനം വോട്ടു ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിക്കു ലഭിച്ചത് കേവലം 17.91 ശതമാനം വോട്ടുമാത്രം. ചരിത്രം മറ്റൊരു വഴികയിലൂടെയാണ് പിന്നീടു സഞ്ചരിച്ചത്. ഇതേ മണ്ഡലത്തിൽ 2019-ൽ ജ്യോതിരാദിത്യ ഒന്നേകാൽ ലക്ഷം വോട്ടിനു പരാജയപ്പെട്ടു. ഉത്തരേന്ത്യയിലെ ശരാശരി കോൺഗ്രസ്സുകാരൻ ചെയ്യുന്നതുപോലെ അദ്ദേഹം ബിജെപിയിൽ അഭയം തേടുകയും ചെയ്തു.

രാജേഷ് പൈലറ്റിന്റെ തട്ടകമായ രാജസ്ഥാനിലെ ദൗസയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്. അദ്ദേഹം മരിച്ചപ്പോൾ ഭാര്യ രമാ പൈലറ്റാണ് സഹതാപ സ്ഥാനാർത്ഥിയായി വന്നത്. 1999-ൽ രാജേഷ് പൈലറ്റ് കേവലം 6,902 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദൗസയിൽ ജയിച്ചത്.

എന്നാൽ, വിധവ മൽസരിച്ചപ്പോൾ വൻ ഭൂരിപക്ഷത്തിന് വിജയം നേടി. തൊട്ടുപിറകേ, യഥാർത്ഥ പിൻഗാമിയായി മകൻ സച്ചിൻ പൈലറ്റ് 2004-ൽ രംഗപ്രവേശം ചെയ്തപ്പോൾ ഭൂരിപക്ഷം 1.14 ലക്ഷമായി ഉയർത്തി. വേലിയേറ്റം സ്വാഭാവികമായും അധിക നാൾ നില്ക്കില്ല. 2009 മുതൽ കോൺഗ്രസ്സിന് ഇവിടെ ചുവടു പി‍ഴച്ചുതുടങ്ങി. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെട്ടിവച്ച കാശുപോലും കിട്ടാതെയാണ് പരാജയം ഏറ്റുവാങ്ങിയത്. പിന്നീടൊരിക്കലും ഇവിടെ കോൺഗ്രസ് വിജയം രുചിച്ചിട്ടുമില്ല.

തൃക്കാക്കരയെ വൻ ഭൂഖണ്ഡമായിക്കണ്ടാണ് മാധ്യമങ്ങളും നിരീക്ഷകരും വിശകലനങ്ങൾ നെയ്തെടുക്കുന്നത്. അപൂർവ്വമായി ലഭിക്കുന്ന സഹതാപം കൂടി ഉപയോഗിച്ച് സ്വന്തം തട്ടകം സംരക്ഷിക്കുന്നവരെ ക്യാപ്റ്റന്റെ പടച്ചട്ടയണിയിക്കുന്നത് വസ്തുതകളുടെ വക്രീകരണമാണ്. പ്രതിപക്ഷത്തിന് ജീവവായു കൊടുക്കാൻ വേണ്ടിയാണ് ഇത്തരം വൈകൃതകല്പനകളെങ്കിൽ അത് ചരിത്രനിഷേധമാണ്. ഇടതുപക്ഷത്തിന് തൃക്കാക്കര പിടിച്ചെടുക്കാനായില്ല എന്നതു മാത്രമാണ് കൃത്യമായ രാഷ്ട്രീയവായന.

ലക്ഷ്യം നിശ്ചയിച്ചശേഷം പടക്കോപ്പു നിറയ്ക്കുക എന്നത് ഒരു പ്രയോഗവും രീതിയുമാണ്. പരാജയത്തിനുള്ള കാരണങ്ങൾ പരതുമ്പോൾ പലതും അത്തരക്കാർക്കു വ്യാജമായി നിർമ്മിച്ചെടുക്കേണ്ടി വരും. ഇടതുപക്ഷത്തുള്ളവരെത്തന്നെ ചില ശകലങ്ങൾ ചേർത്ത് അവർ പറഞ്ഞതും പറയാത്തതും ഊന്നലുകൾ മാറ്റിമറിച്ചു രംഗത്ത് കൊണ്ടുവരും.

തൃക്കാക്കര അടിയുറച്ച ഒരു യുഡിഎഫ് മണ്ഡലമാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഫണലിലൂടെ നോക്കിയാൽ ഒരുപാടു ന്യൂനതകളുള്ള സ്ഥാനാർത്ഥിയായിരുന്നു പി.ടി.തോമസ്. കോൺഗ്രസ്സിൽ തന്നെ അദ്ദേഹത്തോട് എതിർപ്പുണ്ടായിരുന്നു. മരണശേഷമാണ് അദ്ദേഹം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടത്. അത്തരം ന്യൂനതകളൊന്നും ഉമയെ തേടിയെത്തിയിരുന്നില്ല.

കോൺഗ്രസ്സിന്റെ സംഘടനാ ചേരിപ്പോരുകളിൽ അവർ കക്ഷിയല്ലാത്തതുകൊണ്ട് ആ പാർട്ടിയിലുള്ളവർക്ക് പരിഭവമുണ്ടാകേണ്ട കാര്യവുമില്ല. പി.ടി.തോമസിന് ഇല്ലാതിരുന്ന സഹതാപത്തിന്റെ ആനുകൂല്യം കൂടി അവർക്കു ലഭിച്ചപ്പോൾ പ്രയാണം സുഗമമായി.
തൃക്കാക്കര ഒരു കോസ്മോപൊളിറ്റൻ മണ്ഡലമാണ്. വോട്ടർമാരിൽ ഒരു ഭാഗം പുറത്തുനിന്നു വന്നു താമസമുറപ്പിച്ചവർ.

പല കാരണങ്ങൾകൊണ്ട് മണ്ഡലത്തിനു വെളിയിലേക്ക് യഥേഷ്ടം പ്രയാണം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം പേരും. വെളിയിൽനിന്നു വന്ന് തങ്ങളെ സന്ദർശിക്കുന്നവരോട് പ്രത്യേകിച്ചൊരു ചതുർത്ഥിയും അവർക്ക് ഉണ്ടാകേണ്ട കാര്യവുമില്ല. എന്നാൽ 10 കല്പനകൾ പോലെ പരാജയകാരണങ്ങൾ നിരത്തുമ്പോൾ ചിലർക്കു പലതും നിർമ്മിച്ചെടുക്കേണ്ടി വരും.

‘ബാഹ്യഫോബിയ’യൊക്കെ ഒരു വിഷയമായി അവതരിപ്പിക്കേണ്ടി വരും. ഇടതുപക്ഷം ശക്തമായ പ്രചരണം നടത്തിയതു കൊണ്ടായിരിക്കണം തങ്ങളുടെ വോട്ടുകൾ സംരക്ഷിച്ചു നിർത്താൻ കഴിഞ്ഞത്. സഹതാപവും ധ്രുവീകരണവും കോൺഗ്രസിന്റെ വോട്ടിൽ വർദ്ധനവ് ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യം.
സമകാലീനരാഷ്ട്രീയം നാളത്തെ ചരിത്രമാണ്. സാമൂഹ്യരാഷ്ട്രീയമുഹൂർത്തങ്ങളെ ശരിയായി വായിച്ചെടുക്കേണ്ട പിന്മുറക്കാർ അജണ്ടകളിലൂന്നിയ അപസർപ്പകകഥകളിൽ അഭിരമിക്കാനുള്ള സാഹചര്യം നാളെ ഉണ്ടായിക്കൂടാ. തൃക്കാക്കര ഒരു ഉപതെരഞ്ഞെടുപ്പിന്റെ വേദി മാത്രമായിരുന്നു.

തൊട്ടു മുമ്പു നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ പ്രാതിനിധ്യസ്വഭാവം പോലുമില്ലാത്ത ഒരു ഉപതെരഞ്ഞെടുപ്പാണ് അവിടെ നടന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രപരിപ്രേക്ഷ്യത്തെ മുൻനിർത്തിവേണം തൃക്കാക്കരയുടെ വിശകലനം. അതിനപ്പുറമുള്ളതെല്ലാം ആഭാസത്തിന്റെ ദുർമ്മേദസ്സുമാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News