M. V. Govindan : മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സര്‍ക്കാര്‍ നയം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സർക്കാർ നയമെന്നും മറിച്ച് ലഹരി വർജ്ജനമാണെന്നും എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ലെന്നും മന്ത്രി (M. V. Govindan ) പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടന്ന മധ്യമേഖല എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം വാങ്ങാനെത്തുന്നവർ വെയിലിലും മഴയിലും വരിനിന്ന് സ്വയം അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ കേരളത്തിൽ എത്രയും വേഗം നിർത്തലാക്കണം. മദ്യ വില്പന ഔട്ട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണം. മദ്യം ഉപയോഗിക്കുന്നവർക്കു ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചു.

അതിർത്തി പ്രദേശത്തെ ഊട് വഴികളിൽകൂടി സംസ്ഥാനത്തു മദ്യം എത്തുന്നതു തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി പ്രത്യേക മൊബൈൽ യൂണിറ്റ് രൂപീകരിക്കും. സ്ത്രീകൾ ഉൾപ്പെട്ട കേസുകൾ സംസ്ഥാനത്തു കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തി വനിത സിവിൽ എക്‌സൈസ് ഓഫീസർ തസ്തിക സൃഷ്ടിക്കും. പട്ടിക വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യവും വകുപ്പിൽ വർധിപ്പിക്കും.

എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിനു സർക്കാർ പ്രഥമ പരിഗണനയാണു നൽകുന്നത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. അപേക്ഷകർ ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്ന സാഹചര്യങ്ങൾ അതുകൊണ്ടുതന്നെ പൂർണമായും ഒഴിവാക്കണം.

വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ സ്വന്തം കെട്ടിടങ്ങളിലേക്കു മാറാൻ നടപടി സ്വീകരിക്കണം. ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം എത്രയും വേഗത്തിൽ പൂർത്തിയാക്കണം. കുറ്റ കൃത്യങ്ങളിൽ സാങ്കേതിക തെളിവുകൾ പരമാവധി ശേഖരിക്കുകയും കോടതികളിൽ കൃത്യമായി ഹാജരാക്കുകയും ചെയ്യണം. ആധുനിക വത്കരണത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ മയക്കു മരുന്ന് ഡിറ്റക്ടർ, നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള ഉപകരണങ്ങൾ, ക്യാമറകൾ എന്നിവ സ്ഥാപിക്കും. പ്രതികൾ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.

വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും വകുപ്പിന്റെ ഉത്തരവാദിത്തമാണ്. മേലുദ്യോഗസ്ഥർ ഇത് ഉറപ്പു വരുത്തണം. കീഴ് ജീവനക്കാർ ഉൾപ്പെടുന്ന അഴിമതി പ്രവർത്തനങ്ങളിൽ ഓഫീസ് അധികാരികൾക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സേനാംഗങ്ങളുടെ പ്രവർത്തികൾ സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുമെന്നത് ഓർമയിൽ വച്ചുകൊണ്ടാകണം പ്രവർത്തനം. അഴിമതി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും.

എക്‌സൈസ് വകുപ്പിന്റെ സേവനങ്ങൾ, അപേക്ഷകൾ, ഫയലുകൾ, കേസുകൾ എന്നിവയിൽ കാലത്താമസമുണ്ടാകാതെ പരിഹാരമുണ്ടാകണമെന്നും മന്ത്രി ഓർമിപ്പിച്ചു. നിയമാനുസരണം നിശ്ചിത സമയ പരിധിക്കുള്ളിൽ അപേക്ഷകൾ തീർപ്പാക്കണം. അനാവശ്യ കാല താമസമുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ലഹരി വിമുക്ത പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കണം. സ്‌കൂൾ പരിസരങ്ങളിൽ ലഹരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ലഹരി വിമുക്ത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്ലിങ്, മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടിയ ഉദ്യോഗസ്ഥനായ ടി.എസ് ജസ്റ്റിനുള്ള ഉപഹാരവും മന്ത്രി കൈമാറി. രക്ത ദാന പ്രവർത്തനങ്ങളിലും സജീവമായ ജസ്റ്റിൻ ഇതുവരെ 54 തവണയാണ് രക്തം ദാനം ചെയ്തത്. 12 തവണ രക്ത കോശങ്ങളും ദാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News