Supreme Court:സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ ഉത്തരവ് പുനഃപരിശോധിക്കണം; ആവശ്യവുമായി വയനാട് ബത്തേരി നഗരസഭ പ്രമേയം പാസാക്കി

സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നഗരസഭ കൗണ്‍സില്‍ ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത്. നഗരസഭ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഉത്തരവിനെ നിയമപരമായും ജനകീയ പ്രക്ഷോഭത്തിലൂടെയും പ്രതിരോധിക്കാന്‍ തീരുമാനമെടുത്തു. സുപ്രീം കോടതി ഉത്തരവ് നടപ്പിലായാല്‍ വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സുല്‍ത്താന്‍ ബത്തേരിയെയാണ്. ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ബത്തേരിയിലുണ്ടാവുന്നത്. ഈ സാഹചര്യത്തിലാണ് ബത്തേരി നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്തത്.

കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. ജനങ്ങളുടെ ആവാസ വ്യവസ്ഥതയെ തകിടം മറിക്കുന്ന ഉത്തരവാണിതെന്ന് നഗരസഭ പ്രമേയത്തില്‍ പറയുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സുല്‍ത്താന്‍ ബത്തേരി പട്ടണത്തിന്റെ വികസന ചിറകുകള്‍ അരിയുന്നതാണ് കോടതി ഉത്തരവെന്ന് പ്രമേയം പറയുന്നു. ഇതിന് ശേഷം നടന്ന സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പങ്കെടുത്തു. നഗരസഭ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ഉടന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. അതേ സമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. ഒന്‍പതിന് സി പി ഐ എം ബഹുജനങ്ങളെ അണിനിരത്തി സമരമരംഭിക്കും. മനുഷ്യ മതില്‍ തീര്‍ത്തുള്ള പ്രതിഷേധമാണ് എല്‍ ഡി എഫ് പന്ത്രണ്ടാം തീയ്യതി നടത്തുന്നത്.വരും ദിവസങ്ങളില്‍ ബഫര്‍ സോണ്‍ പ്രഖ്യാപന ഉത്തരവ് വയനാട്ടില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കായിരിക്കും വഴിവെക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here