തിരുവനന്തപുരം RDO കോടതിയില്‍ നിന്ന് സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ഗൗരവതരമായ തട്ടിപ്പ് കണ്ടെത്തി; കൈരളി ന്യൂസ് ഫോളോ അപ്പ്|Kairali News Follow up

തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ കൈരളി വാര്‍ത്ത ശരിവെച്ച് അന്വേഷണസംഘം. കാണാതായത് 99 പവന്‍ സ്വര്‍ണ്ണം തന്നെയെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി. 72 പവന്‍ സ്വര്‍ണ്ണം കാണാതെ പോയി എന്നതായിരുന്നു പൊലീസിന്റെ ആദ്യ നിഗമനമെങ്കിലും 27 അരപ്പവന് തുല്യമായ മുക്കുപണ്ടവും കൂടി കണ്ടെത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതായത്. ആര്‍ ഡി ഓ കോടതിയിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിഎടുത്തു.

RDO കോടതിയില്‍ നിന്ന് സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ഗൗരവതരമായ തട്ടിപ്പാണ് നടന്നിരിക്കുന്നത്. 99 പവനോളം സ്വര്‍ണ്ണം ആണ് കാണാതായിരിക്കുന്നത്. 72 പവന്‍ എന്നതായിരുന്നു ആദ്യ നിഗമനമെങ്കിലും ലോക്കറില്‍ കണ്ട സ്വര്‍ണ്ണം ഉരച്ച് നോക്കി പരിശോധിച്ചപ്പോള്‍ 27അര പവന് തത്തുല്യമായ മുക്കുപണ്ടം കൂടി കണ്ടെത്തി. 99 പവനാണ് കാണാതായത് എന്ന കൈരളിയുടെ വാര്‍ത്ത ശരിവെയ്ക്കുന്നതാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. സ്വര്‍ണ്ണത്തിനൊപ്പം 47500 രൂപയും വെളളിയാഭരണങ്ങളും കൂടി കാണാതായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ലോക്കറിലെത്തിയ സ്വര്‍ണ്ണം കൂടി കാണാതായതായി പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

ഇതോടെ സമീപകാലത്തും തട്ടിപ്പ് നടന്നു എന്നതാണ് അനുമാനിക്കേണ്ടത്. ഇന്ന് ആര്‍ഡിഒ കോടതിയിലെത്തിയ പേരൂര്‍ക്കട പൊലീസ് ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സീനിയര്‍ സൂപ്രണ്ടിന്റെ മൊഴി രേഖപ്പെടുത്തി. സ്വര്‍ണ്ണം കാലാകാലങ്ങളില്‍ മാറി മാറി വരുന്ന സീനിയര്‍ സൂപ്രണ്ടുമാര്‍ അളന്ന് തിട്ടപ്പെടുത്തുന്ന പതിവ് ഇല്ലെന്നാണ് പൊലീസിന് ലഭ്യമായ മൊഴി. ആര്‍ഡിഒ കോടതിയിലെ മറ്റ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2010 നും 2020 നും ഇടയില്‍ 26 ഓളം സീനിയര്‍ സൂപ്രണ്ടുമാര്‍ ഈ താക്കോല്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരേയും വിളിച്ച് വരുത്തി വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. സംഭവത്തില്‍ കളക്ടര്‍ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണം രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News